Tuesday, November 18, 2014

സത്യം! ശിവം

ധർമാർത്ഥ,കാമ മോക്ഷമിത്യാദി
 

സർവഗുണങ്ങൾക്കുമതീതനായവൻ
 

സത്വ, രജസ്,തമസെന്നുദ്ഘോഷിതം
 

ത്രിവർഗ്ഗഗുണകാര്യകാരകനായവൻ
 

സൃഷ്ടി,സ്ഥിതി,സംഹാരമിത്യാദികൾ
 

ഒട്ടുമേയേശിടാത്ത സ്വയംഭുവാം -
 

നിത്യചൈതന്യപ്രകൃതി -പൌരുഷ സംയോഗ
 

ശക്തിയാം ശിവം ശങ്കരം സ്തുതിയർപ്പിതം

കാവ്യദേവതയോട്

മറഞ്ഞുപോയി സൂര്യനാഴ്ന്നുസാഗരത്തി-
ലെങ്കിലും
നിറഞ്ഞ പുഞ്ചിരിയുമായ് തെളിഞ്ഞതില്ല,
പൌർണ്ണമി
വിരിഞ്ഞതില്ലയംബരത്തിന്നങ്കണത്തിൽ
താരകം
കരിഞ്ഞപൂക്കൾപോൽ കൊഴിഞ്ഞുവെന്നോ
താരകം?
കടുത്ത ശോക ഭാവമാർന്ന , കാർമേഘപാളി-
പോൽ
കെടുത്തിടാം നിന്റെ സഹജപ്രസന്ന ഭാവ-
മെങ്കിലും
ഇടയ്ക്കിടെ പ്രകാശിതം പൊൻ  പൌർണ്ണമി
പ്രകാശമായ്
വിടർത്തിനൽകെനിക്കു നീ നിൻ മന്ദഹാസ
മലരുകൾ
വരദമാം കടാക്ഷമേകിയനുഗ്രഹിക്ക,കാവ്യ
ദേവതേ!
അരുണകിരണബിന്ദുവാം തവ മന്ദഹാസ
മലരുകൾ
കൊരുത്തു ചേർത്തൊരുക്കിയൊരീ മാല നിൻ
കഴുത്തിൽ
ചാർത്തിടാനനുവദിച്ചനുഗ്രഹിക്ക!
ദേവി,നീ....

Monday, November 10, 2014

പള്ളത്തി















പള്ളത്ത്യെക്കാണുമ്പോൾ
വെള്ളത്തിൽച്ചാടുന്ന 
കുള്ളത്തിപ്പെണ്ണിനെ
കണ്ടോരുണ്ടോ ?
എന്ന നാടൻ വായ്ത്താരിപ്പാട്ടിലെ പള്ളത്തിയുടെ ചില വിശേഷങ്ങൾ ഞാൻ ഇന്ന് ഇവിടെ കുറിക്കട്ടെ
കേരളത്തിലെ ജലാശയങ്ങളിൽ കണ്ടു വരുന്നതും  നമ്മുടെ വിശ്വ പ്രസിദ്ധമായ  (Etroplus suratensis )എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കരിമീനോട് ഏറെക്കുറെ രൂപ സാദൃശ്യവുമുള്ള (പരമാവധി വലുപ്പം 6 സെ.മീ )ഒരു ചെറു മത്സ്യമാണ് പള്ളത്തി (Orange_chromide)  മഞ്ഞ പള്ളത്തി, കറുത്ത പള്ളത്തി എന്നിങ്ങനെ രണ്ടു തരം പള്ളത്തികൾ കേരളത്തിൽ കണ്ടുവരുന്നു.സാധാരണക്കാരുടെ കരിമീൻ എന്ന് ഇവയെ വിശേഷിപ്പിക്കാം വറുത്തു ഉപയോഗിച്ചാൽ  വളരെ രുചികരമാണ് ഈ മീനും

Etroplus maculatus. എന്ന് ശാസ്ത്ര നാമമുള്ള ഈ ഉൾനാടൻശുദ്ധ ജല മത്സ്യം അവയുടെ നിലനിൽപ്പിനെതിരായുള്ള പ്രതികൂല സാഹചര്യങ്ങളോടു  വംശവർദ്ധനവിനുള്ള പ്രത്യേക സിദ്ധിയിലൂടെ അതിജീവിച്ചു അന്യം നിന്നു പോകാതെ അതിജീവിച്ചു മുന്നേറുന്നു.

ആയുർവേദ ചികിത്സയിൽ പഥ്യം പറയുമ്പോൾ പൊതുവേ മത്സ്യം വർജ്യമെന്നു പറയുമ്പോഴും വേണമെങ്കിൽ പള്ളത്തി, കൊഴുവ തുടങ്ങിയവ ഉപയോഗിക്കാമെന്ന് പറയാറുള്ളത് അവയിൽ കൊഴുപ്പിന്റെ അംശം വളരെ കുറവുള്ളത് കൊണ്ടാവാം
ധാരാളം ലഭിക്കുമ്പോൾ ഇവ ഉണക്കമീനായി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ പറ്റിയ മത്സ്യമാണ്.
ജീവനുള്ള പള്ളത്തികളെ കവുങ്ങിൻ പാള കൊണ്ടുണ്ടാക്കിയ കൂടിൽ ഇടുമ്പോൾ അവ കിടന്നു പിടയ്ക്കുമ്പോൾ ഒരുതരം ശബ്ദം ( chaattering noise ) കേൾക്കാം പണ്ടു മുത്തശിമാർ കൊച്ചു കുട്ടികൾ കലപിലയെന്നു സംസാരിക്കുമ്പോൾ പറയാറുള്ളത് "കുത്തോംപാളയിൽ പള്ളത്തിയെ ഇട്ടതു പോലെ ശബ്ദമുണ്ടാക്കാതിരിക്കിനെടാ പിള്ളേരെ" എന്നായിരുന്നു.

Friday, October 17, 2014

കടക്കെണി

കൊടുത്തു തീർക്കുവാൻ കടങ്ങളേറട്ടെ
മടുപ്പ് കൂടാതെ ഇനിയും വാങ്ങിടാം
പടുത്തുയർത്തണം പെരുത്ത മാളിക,
അടുത്ത വീട്ടിലെ പുതിയ കാറിലും
എടുപ്പും ചന്തവും വിലയും കൂടണം
ഇടയ്ക്കിടെ പലവകയായ് പാർട്ടികൾ
നടത്തണം,മദ്യം വിലയും വീര്യവും
കൊടുത്തു നേടണം സുഹൃത്ബന്ധങ്ങളും..
കൊടുത്തു നേടണം പണം വിത്യ്ക്കണം
മടിയാതെ വൻ ലാഭക്കൊയ്തു കിട്ടീടും
ഓഹരിച്ചന്ത,പിന്നെ, ഊഹക്കച്ചോടം
ഓഹരികളേറി , ഋണബാദ്ധ്യതയായ്
ഓഹരി കാളക്കൂറ്റനായില്ല,.കരടികളായി
കടിച്ചു കീറിയോ?വരിഞ്ഞു കെട്ടിയോ
കൊടും വിഷമുള്ള ചിലന്തിയേപ്പോലെ?
കടക്കെണിയിൽപ്പെട്ടുഴറി ജീവിതം
കടങ്ങൾ വീട്ടുവാൻ വഴികൾ കാണാതെ
കൊടിയ പലിശ,തൻ കടത്തിലാശ്രയം
കൊടുത്തു തീർക്കുവാൻ കടങ്ങളേറട്ടെ,
മടുപ്പ് കൂടാതെ ഇനിയും വാങ്ങിടാം..
അടിച്ചു പൊളിച്ചാസ്വദിക്കുക ഹാ..
തിടുക്കമാർന്നൊരീ ഹ്രസ്വജീവിതം!
കടം കൊടുത്തവർ പൊറുതി മുട്ടിച്ചു
നടുക്കമാർന്നുള്ള പൊറുതി ദുഷ്കരം!
മാനഹാനിയാൽ ,കുടുംബം ശിഥിലമായ്
മനസമാധാനം കിട്ടാക്കനിയായോ ?
വന്നതില്ലവർ , സുഹൃത് വൃന്ദമെല്ലാം
വഴി മറന്നുവോ, വഴി മാറിപ്പോയോ ?
വിടുതൽ നേടുവാൻ വഴിയതൊന്നല്ലോ
കുടുംബമായങ്ങോരാത്മഹത്യതാൻ!
നിരന്നു വാർത്തകൾ, സചിത്ര ലേഖനം
നിറം പിടിപ്പിച്ചകഥകളേറെയും....

Monday, August 18, 2014

ജോണ്സണ്‍ മാഷ്‌ : ആർദ്ര രാഗങ്ങളുടെ തമ്പുരാൻ




ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ ആ താരക"ത്തെ മലയാളികൾ ഒരിക്കലും കൈവെടിയാനാവില്ല  സംഗീത പ്രണയാർദ്രരായ നമ്മുടെ കരളുകളിൽ വിരിഞ്ഞ "കണ്ണീർപ്പൂവായി","കുന്നിമണിചെപ്പിൽ" നമ്മുടെ സ്വകാര്യ നിധിയായി നാം സൂക്ഷിക്കുന്ന, "കറുത്തരാവിന്റെ കന്നി നിലാവു"പോലെയുള്ള ആ സംഗീത പ്രതിഭ, ഒരു "രാജ ഹംസത്തെപ്പോലെ "സ്വർണ്ണമുകിലുകൾക്കുള്ളിൽ അഭയം തേടി പറന്നകന്നിട്ട്, ഇത് മൂന്നാം വർഷം.
ഗിത്താറിന്റെ തന്ത്രികളിൽ ആ മാന്ത്രിക സ്പർശ മേല്ക്കുമ്പോൾ സംഗീത മലരുകൾ വിവിധ രാഗങ്ങളിൽ താനേ പൂവിടുന്ന മോഹങ്ങളായി നമ്മുടെ മനസിലും വിടരുകയും ഒപ്പം അദ്ദേഹമിന്നു നമ്മോടൊത്തില്ലല്ലോ എന്ന ദു:ഖത്തിൽ മൂകമായി കൊഴിഞ്ഞു പോവുകയും ചെയ്യും
പശ്ചാത്തല സംഗീതമൊരുക്കുന്നതിൽ ജോണ്സണ്‍ മാഷ്‌ അദ്വിതീയനാണ്. "ആരവ"ത്തോടെ തുടങ്ങിയ ആ സപര്യ ഒരു "മായാ മയൂര"ത്തെപ്പോലെ മലയാള സിനിമാവേദിയിൽ പീലി വിടർത്തിയാടി.
മലയാള ചലച്ചിത്ര സംഗീതത്തിനു മറക്കാനാവാത്ത രാഗാർദ്രസുരഭില ഗാനങ്ങൾ ഒരുക്കിയ ആ ഗന്ധർവരാജകുമാരന് നമ്മോടു ചോദിക്കാനുള്ളത് ഇങ്ങനെയായിരിക്കാം എന്റെ മണ്‍വീണയിൽ ശ്രുതിമീട്ടി,മന്ദാരച്ചെപ്പും മാണിക്യക്കല്ലും ഒക്കെ ഞാൻ നിങ്ങൾക്ക് നല്കിയിട്ടും "എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ"?

 https://www.youtube.com/watch?v=4z4QvQx-74c



Friday, August 15, 2014

ചിങ്ങപ്പുലരിയിൽ





ചിങ്ങപ്പുലരി
ചിരി തൂകി...
മണ്ണിൽ സ്വപ്നം
പൂ ചൂടി..


മാനത്തമ്പിളി
പാൽ തൂവി...
പനിനീർ തൂവി
ചാറ്റൽ മഴ...


മഴയും വെയിലും
കളിയാടീ ...
പുളകം കൊണ്ടൂ
പൂത്തുമ്പി ....



ഓണം വന്നെ
ന്നറിയിക്കാൻ  
  ഓലേഞ്ഞാലി
 ഊഞ്ഞാലിൽ...


ഓലത്തുമ്പിൽ
കിളിമകൾ തൻ
ഊഞ്ഞാലാട്ടം
ബഹു കേമം..

മനസ്സിൻ മണി 
മുറ്റത്തായ്
നിൽക്കും 

ചക്കരമാവതു
പൂത്തല്ലോ ...


മാവിൻകൊമ്പ
ത്തൂഞ്ഞാല്..
ഓർമകളേകിയ 
പൊൻ നൂലാൽ
കാലം തീർത്തോ
രൂഞ്ഞാല്.......



ഓലെഞ്ഞാലി
ക്കിളിയെപ്പോൽ,
ഊഞ്ഞാലാടു- 
ന്നെന്മനസ്സും. 


ആയത്തിലതി-
വേഗത്തിൽ,
മാങ്കനി തേടി
പ്പോകുന്നൂ.. .


കൈതവമില്ലാ
ബാല്യത്തിൻ
മധുരിമതേടി-
യലയുന്നൂ.... 


Friday, August 8, 2014

നെഹ്റുട്രോഫി വള്ളം കളി





ആർപ്പോ ഇർറോ ആർപ്പോ ഇർറോ
ആരവങ്ങൾ മുഴക്കീടൂ...ആഹ്ലാദിച്ചിടൂ
തിത്തിത്താര തിത്തെയ്, തിത്തെയ് തക
തെയ്തെയ്തോം.. തിത്തെയ് തക തെയ്തെയ്തോം
നിറയട്ടെ പാരിലെങ്ങും കേരളപ്പെരുമയുടെ
നിറമോലും വർണ്ണചിത്ര കൊടിക്കൂറകൾ
കേരളത്തനിമയാർന്ന ചുണ്ടൻ വള്ളം കളിയുടെ
കേളികെട്ടുയരുന്നൂ നെഹ്റുട്രോഫി മത്സരമായീ....
പുന്നമടക്കായലിന്റെ പുളകമായ് ചീറി വരും
പന്നഗ സമാനരായ ചുണ്ടൻ വള്ളങ്ങൾ
പിന്നെ ചെറു വള്ളങ്ങളാം ഓടിയും ചുരുളനും
മിന്നൽപ്പിണർ പോലെ പായും ഇരുട്ടുകുത്തീം
കാരിച്ചാലും തായങ്കരി, പുളിങ്കുന്നീ ചുണ്ടനോപ്പം
കരിനാഗങ്ങളെപ്പോൽ കരുവാറ്റ,ചമ്പക്കുളവുമുണ്ടേ ...
ശ്രീഗണേശൻ,മഹാദേവൻ, ദേവസ്സ്, വള്ളത്തിനൊപ്പം
ശ്രീയെഴുന്ന സെന്റ്‌ ജോർജ്ജും പയസുമുണ്ടേ ....
പേരുകേട്ട പതിനാറു ചുണ്ടൻ വള്ളം നിരക്കുമ്പോൾ
പോരൂ വള്ളം കളിപ്പോരു പൊടി പൊടിക്കും...
ആരു തന്നെ ജയിച്ചാലും തോറ്റാലും സാരമില്ല
ആരവങ്ങൾ ആർപ്പോ വിളിച്ചറുമാദിക്കാം
നമുക്കാഹ്ലാദിക്കാം......
ആർപ്പോ ഇർറോ ആർപ്പോ ഇർറോ
ആരവങ്ങൾ മുഴക്കീടൂ...ആഹ്ലാദിച്ചിടൂ
തിത്തിത്താര തിത്തെയ്, തിത്തെയ് തക
തെയ്തെയ്തോം.. തിത്തെയ് തക തെയ്തെയ്തോം