Monday, April 21, 2014

ഭൌമദിന ചിന്തകൾ






















ഭൂമി നമുക്ക് നൽകുന്ന അമൂല്യങ്ങളായ സമ്പത്ത് 
ഉപയോഗിക്കുമ്പോൾ  
"ആരാമത്തിൽ ചെന്ന മാലാകാരന്റെ
കാരിയം കാട്ടണം, അംഗാരകാരകന്റെ 
കാരിയം കാട്ടൊല്ല" എന്ന വിദുര വാക്യം 
നമുക്ക് മാർഗദർശകമാകണം.     

ഈ മനോഹര ഭൂമിയും അതിലെ ജീവജാലങ്ങളും  
നമുക്ക് നമ്മുടെ പിതൃസ്വത്തായി ലഭിച്ചതല്ല.,
നമുക്ക് തോന്നിയത് പോലെ ധൂർത്തടിച്ച് കളയാൻ,  
പ്രത്യുത നമ്മുടെ കുട്ടികൾക്ക്‌, അടുത്ത തലമുറയ്ക്ക്, 
ജീവിക്കുവാനുള്ള അവകാശം നാം അപഹരിക്കുകയാണ്. 

നമ്മുടെ ആവശ്യങ്ങൾക്ക് മാത്രം പ്രകൃതിയെ ആശ്രയിക്കുക 
നമ്മുടെ അത്യാഗ്രഹങ്ങൾക്ക്പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക 
എന്ന ഗാന്ധിജിയുടെ  ഉപദേശം സ്വീകരിക്കുക, പ്രാവർത്തികമാക്കുക..... 

കാടുകൾ പ്രകൃതിയുടെ ശ്വസനേന്ദ്രിയങ്ങൾ ആണ് അവ നശിപ്പിക്കാതിരിക്കുക..... 

പ്രകൃതി വിഭവങ്ങൾ പാഴാക്കാതിരിക്കുക, പാഴാകുന്ന ഓരോ വിഭവവും 
നമ്മുടെ വിശന്നവശരായ സഹോദരരുടെ പിച്ചച്ചട്ടിയിൽ നിന്ന് 
നാം കവർന്നെടുക്കുന്നതാണ് എന്ന തിരിച്ചറിവുണ്ടാകുക.......

സർവോപരി മഹാത്മാ ഗാന്ധി പറഞ്ഞത് പോലെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന കൊള്ളക്കാരനാകാതെ
നമുക്ക് പ്രകൃതിയെ സംരക്ഷിക്കുന്ന സുഹൃത്തായി മാറാം ....  

അതെ അതായിരിക്കട്ടെ നാമോരോരുത്തരുടെയും  ഭൌമദിന പ്രതിജ്ഞ !   

Friday, April 18, 2014

മുറ്റത്തെ മുല്ല


Photo: മുറ്റത്തെ മുല്ല 

മുറ്റത്തൊരു മുല്ല പൂത്തു
കാറ്റത്തു മണം പാറി  
കേട്ടെത്തി  മിന്നാമിന്നി 
മൂക്കൂത്തിയണിച്ചു   
മൂക്കുത്തിയണിഞ്ഞൊരു 
മുല്ലക്ക് നാണം വന്നൂ 
നാണത്തിൽ നനഞ്ഞൊരു 
മുല്ലക്കിതെന്തു ഭംഗി


മുറ്റത്തൊരു മുല്ല പൂത്തു
കാറ്റത്തു മണം പാറി
കേട്ടെത്തി മിന്നാമിന്നി
മൂക്കൂത്തിയണിച്ചു
മൂക്കുത്തിയണിഞ്ഞൊരു
മുല്ലക്ക് നാണം വന്നൂ
നാണത്തിൽ നനഞ്ഞൊരു
മുല്ലക്കിതെന്തു ഭംഗി





Thursday, April 17, 2014

സ്നേഹത്തിൻ നവ സുവിശേഷം




ആദി മാതാപിതാക്കൾ തൻ
പാപ ഹേതുവായന്നു
നഷ്ടമായ പറുദീസ
പാപമോചനം നൽകി വീണ്ടും
മാനവർക്കു നല്കിടാൻ
വീണ്ടുമൊരു രക്ഷകൻ,
ക്രിസ്തുവാം കർമയോഗി
അവതരിച്ചു ഭൂമിയിൽ,
നിസ്തുല പ്രാഭവാൻ ..

പെസഹാ തിരുന്നാൾരാവിലന്നു
സെഹിയോൻ ഊട്ടുശാലയിൽ
അവസാനത്തെയത്താഴം
ശിഷ്യരൊത്തു ചേർന്നവൻ
പങ്കിടുവാനെത്തിപോൽ!

യാതനാഭരിതമാം തൻവിലാപ -
യാത്രക്കൊടുവിലായ്
കുരിശിലെ  മരണവും,
പിന്നെ മൂന്നാം നാളിലെ
പ്രത്യാശയേകിടുന്നതാം
പുനരുത്ഥാനമഹത്വവും
തിരുവത്താഴ വേദിയിൽ
ശിഷ്യരോടന്നോതിയത്രെ
സത്യ ദൈവത്തിന്നേകനാം
പുത്രനാം ക്രിസ്തു ദേവൻ ...

ഗിരി പ്രഭാഷണങ്ങളിൽ
ഉപമയായിചൊല്ലിയോ-
രുപദേശങ്ങളൊക്കെയും
സ്വന്തജീവിതത്തിൽ കാട്ടി,
മാർഗ്ഗദീപമാം ഗുരുവതാ
മാതൃകയേകിയന്നു ഗുരു
തന്റെശിഷ്യരായവരുടെ
പാദംകഴുകി,മുത്തമേകി 
ശിഷ്യരോടവൻ മൊഴിഞ്ഞു
"സ്നേഹത്തിൽ വസിക്കുവിൻ!
സ്നേഹമാണ് ദൈവമെന്നറിഞ്ഞു 
സ്നേഹിക്ക, നിൻ സോദരരെ 
സ്നേഹ മാര്ഗ്ഗം കൈവിടായ്ക
സത്യമായ് പറയുന്നു ഞാൻ
ദൈവഹിതം ചെയ്തു നിങ്ങൾ ,
സ്വർഗ്ഗ രാജ്യം നേടിടും .".

പുത്തനാമൊരു സുവിശേഷത്തിൻ
വക്താവാം യേശുനാഥൻ ..
സ്നേഹമാണ്‌ ദൈവമെന്ന
നവ്യമാം സന്ദേശം നല്കി.
സ്നേഹിതർക്കായ് സ്വന്തജീവ-
നേകിയല്ലോ കുരിശിന്മേൽ !

ദോഷരഹിത മേഷമായ്, യേശു
കുരിശിലെ ബലി വസ്തുവായ്
കാൽവരിയിലെ ക്രൂശിതൻ
പെസഹാ കുഞ്ഞാട്, യേശുവിൻ 
പരിത്രാണനത്താലെ വീണ്ടും
പറുദീസ..ലഭ്യമായ് .

പോയിടാം ,യേശുനാഥപാതയിൽ
ചേർന്നിടാം നമുക്കവന്റെ കൂടെ
കാൽവരി വിളിക്കുന്നൂ ..
പോയിടാം,അനുതാപിയായ
കള്ളനായ് മാറിടാം.
യേശുവിനോടൊത്തു പോയി
നേടിടാംനമുക്കു വീണ്ടും,
നഷ്ടമായ പറുദീസ .

മിശിഹായോടൊത്തുള്ളയാത്രയതും
മുക്തി ദായകം! മഹാ പ്രയാണം!
മുക്തി ദായകം.മഹാ പ്രയാണം!
യേശുവിനോടോത്തുള്ള യാത്രയെന്നും!

മഹാപ്രയാണം (The EXODUS)*







പഴയ നിയമപുസ്തകം പറയുന്നു
രക്ഷകൻ മോശ,,നയിച്ച യാത്ര
മുക്തിദായകം, മഹാപ്രയാണം .
അടിമകളായോരിസ്രയേൽ ജനതതി,
അടിമകളല്ലാതെ,കടന്നു പോയൊരു"*
മഹാപ്രയാണത്തിൻ മധുര സ്മരണകൾ
പെസഹാദിനമായ് പണ്ടാചരിച്ചു
പുളിക്കാത്ത മാവ് കൊണ്ടപ്പവും
വീര്യമില്ലാ മുന്തിരി വീഞ്ഞും
ദോഷമേതുമില്ലാത്ത മേഷത്തിൻ
തീയിൽ ചുട്ടെടുത്ത മാംസവും
ഭുജിച്ചവരന്നാദ്യ,പെസഹായത്താഴം ...
കുഞ്ഞാടിൻ ചോര വാതിൽപടിമേൽ
തളിച്ചടയാളമാക്കിയവരന്നു, ദൈവ,
സംപ്രീതജനമായ് രക്ഷ തേടിയോർ...
വാഗ്ദത്ത ഭൂമിയാം കാനാൻ ദേശം
തേടി,മോശ,അഹരോൻ സോദരർ
നയിച്ച മഹാമരുഭൂ,യാത്രയിൽ,
ദൈവത്തിൻ സ്നേഹവായ്പാൽ
മഹാപ്രയാണയാത്രികർ ഇസ്രയേൽ
ജനതയ്ക്ക്, ലഭ്യമായ് നിത്യമാം മുക്തി.

* PESAHA,( PASS OVER )

കാവ്യാമൃതം

പുതുമഴയിൽ 
സുമ,സുന്ദര,
മൃദുപല്ലവ
നവമുകുളം 
വിരിയുംപോൽ, 
മമ ഹൃദയ-
മതിമൃദുലം ,
നവനീതസമ,
മസൃണം
അതിലോല 
ഹൃദയത്തിൻ 
ആകുലതകളേറുന്നൂ ...

കവിതേ,
നീ വന്നാലും
കഥകൾ 
പറഞ്ഞാലും 
പാടൂ,പുതു 
ഗീതങ്ങൾ 
ആടൂ... 
നവ ഭാവങ്ങൾ 
ആകുലത-
യെന്യേഞാൻ 
നിൻ സവിധേ 
നിന്നോട്ടേ! 
കാവ്യാമൃത
മേകി നീ 
നവജീവൻ 
നല്കീടൂ..... 
ആഹ്ലാദനിമിഷം 
ഞാൻ 
ആമോദം 
നുകരട്ടെ!

Sunday, April 13, 2014

ഓശാനപ്പെരുന്നാള്



 
 
ഒലിവില ചാർത്തിയ മഹത്വവുമായിതാ
ഓശാനപ്പെരുന്നാള് വന്നൂ
തെരുവുകളിലോശാന പാടിയവരന്നു
തിരുനാമ കീർത്തനം പാടി
ദാവീദിൻ പുത്രന്‌ ഓശാന പാടുവാൻ
ധാരാളമാളുകളെത്തി
ജറുസലേം വീഥികൾ മുഖരിതമായീ
ജനത തൻ ഗീതികളാലേ,
ഹോസാനാ,ഹോസാനായാർത്തുവിളിച്ചവർ
ഘോഷമായീശോയെ വാഴ്ത്തി.... .

വിഷുപക്ഷി









വിത്തും കയ്ക്കോട്ടും
വിഷുപക്ഷി പാടുന്നു

വിത്തില്ലന്തകവിത്താണ്
കയ്ക്കോട്ടില്ല,
കിളക്കാരുമില്ല
പാടമില്ല ,
പാടം നനയ്ക്കാൻ
പുഴയുമില്ല ,
പുഴയുടെ മാനം
കവർന്നെടുക്കും
ജെസിബിയെന്ന
രാക്ഷസ "യന്ത്രം ,
നോട്ടെണ്ണികൂട്ടി-
കൊടുക്കാൻ,
മനുഷ്യമൃഗങ്ങൾ !

പാടിത്തളർന്ന പക്ഷിക്കിരിക്കാൻ
പാതയോരത്തൊരു മരച്ചില്ലയില്ല
പാവമാ പക്ഷിപറന്നകലേക്ക് പോയ്‌
പകരം പറന്നെത്തി വിമാനപക്ഷി!