Tuesday, November 26, 2013

ജ്ഞാനസ്നാനം


ജ്ഞാനസ്നാനമേല്ക്കാൻ
തൂമഞ്ഞു പോലെയുള്ള
കുഞ്ഞുമാലാഖയെപ്പോൽ  
നിൻകുഞ്ഞു വന്നു നില്പ്പൂ ...

ജ്ഞാന ദീപമേന്താൻ
ജ്ഞാനസ്നാനമേല്ക്കാൻ
പരിശുദ്ധാത്മാവേകും
ദിവ്യവരം നേടാൻ
നില്പൂ നിൻ സവിധേ
നിന്നരുമയായ പുത്രി

പിഞ്ചിളം കുഞ്ഞേ നീ
യേശുവിൻ കടാക്ഷം
മെഴുതിരി പ്രകാശം
കണ്ടു കണ്ണ് ചിമ്മി
പുഞ്ചിരി തൂകുന്നോ ?

ഈ കുഞ്ഞിളം പാദങ്ങൾ
നീ നയിക്കും വഴിയിൽ
പദമൂന്നി തന്നെ വേണം
സഞ്ചരിച്ചു  വളരാൻ ...

ഉണ്ണിയീശോ തന്റെ
ചങ്ങാതിയായിടാനായ്
ദൈവത്തിന്നരുമപുത്രി-
യായി തീർന്നീടുവാൻ 
സാക്ഷിയായി നില്ക്കും
ബന്ധുജനവുമൊത്തു 
വാഴ്ത്തിപ്പാടിടുന്നേൻ
ദൈവത്തിൻ മഹത്വം..
വാഴ്ത്തിപ്പാടിടുന്നേൻ
ദൈവത്തിൻ മഹത്വം..  

Wednesday, November 20, 2013

കണ്ണാന്തളിപ്പൂക്കൾ


kannanthali's (markazhi) Tags: india flower bisexual endemic onam peninsular habitatdestruction hotspots bicolour ceti exacum thrikkakkarayappan tetramerous kannanthali lateritequarrying

 കണ്ണാന്തളികളും തെമ്മാടിക്കാറ്റും 

കിന്നാരം ചൊല്ലി പുന്നാരം ചൊല്ലി 

കണ്ണുംപൊത്തിക്കളിച്ചു വളർന്ന 

നന്മപൂരിതമായ നമ്മുടെ കുന്നിൻ

പുറങ്ങളും നാട്ടു വഴികളും കുശലം 

ചോദിക്കും നാട്ടുകാരും കാണുവതില്ല 

മാറ്റത്തിൻ കുത്തൊഴുക്കിൽ 

മാഞ്ഞു കഴിഞ്ഞൂ.. കാണുവാനില്ല 

മരുന്നിനു പോലും 

കണ്ണാന്തളിയും കാട്ടു പൂക്കളും...    

**താന്നിക്കുന്നിലെ, കണ്ണാന്തളിയുടെ 

ചങ്ങാതി വാസു കണ്ണാന്തളികളെ 

തന്റെ കഥകളിൽ വർണ്ണങ്ങൾ ചാലിച്ചു 

വർണ്ണിച്ചു,കീർത്തിച്ചനശ്വരമാക്കിയ

കൂടല്ലൂരെ പ്രിയനാം കഥാകാരൻ,തനി 

ഗ്രാമീണൻ കരയുന്നു... 

ഗ്രാമ ശ്രീയെഴും ചേലെഴും കുന്നില്ല 

കുന്നിൻ ചരിവില്ല ,കുറ്റിക്കാടില്ലാത്ത 

വല്ലാത്ത നാടെന്റെയിന്നത്തെ കേരളം 

എന്തൊരു കേരളം ചിന്തിക്കുവാൻ വയ്യ....

കണ്ണാന്തളിപ്പൂക്കളുടെ കാലം" എന്ന പുസ്തകത്തിൽ എം .ടി 

പറയുന്ന ഈ  വരികൾ വായിച്ചാണ് ഞാൻ  

കണ്ണാന്തളിപ്പൂക്കൾ എന്ന രചനക്ക് മുതിർന്നത് 

ഇതോടൊപ്പം ചേർത്തിട്ടുള്ള ചിത്രം നെറ്റിൽ നിന്നും 

കിട്ടിയതാണ് .എം.ടി പോലും  കണ്ണാന്തളിയുടെ വരച്ച 

ചിത്രമാണ് പ്രസ്തുത പുസ്തകത്തിന്റെ പുറം 

ചട്ടയിൽ ചേർത്തിട്ടുള്ളത്.   

"കർക്കിടകം പിറന്നു താന്നിക്കുന്നിൽ നിറയെ 

കണ്ണാന്തളിപ്പൂക്കൾ മുടക്കമില്ലാതെ വിടർന്നു...... 

കുടിയിരുപ്പുകളായി മാറിയ കുന്നിൻ പുറങ്ങളിൽ പിന്നീട് 

കണ്ണാന്തളിപ്പൂക്കൾ വളരാതായി .....


തന്റെ കഥയിൽ കണ്ണാന്തളി പ്പൂക്കളെക്കുറിച്ച്  വായിച്ചശേഷം അത് നേരിൽ 

കാണാൻ വരുന്നു എന്നറിയിച്ച സുഹൃത്തിനെഴുതി..ഗ്രാമം 

കാണാം പക്ഷെ ഇപ്പോൾ കണ്ണാന്തളിപ്പൂക്കൾ  ഇല്ല. പഴയ 

ഗ്രാമവും മാറിയിരിക്കുന്നു 

കണ്ണാന്തളിപ്പൂക്കൾ കാണിക്കാമെന്നേറ്റമലമാക്കാവിലെ 

പ്രശസ്ത വൈദ്യൻ പരമേശ്വരൻ നായർ വിജയ ഭാവത്തിൽ 

എനിക്കെഴുതി പാറയിടുക്കിൽ നിന്നും മറ്റുമായി മൂന്നു 

ചെടികൾ കണ്ടു കിട്ടിയിട്ടുണ്ട് ഞാൻ ചെടിച്ചട്ടിയിൽ 

വളർത്തുന്നു ഇനി നാട്ടില വരുമ്പോൾ കാണാം... " ( ഉദ്ധരണി 

ഏകദേശ രൂപമാണ് )

**കണ്ണാന്തളിപ്പൂക്കളുടെ കാലം 
എം.ടി വാസുദേവൻ നായർ



Tuesday, November 12, 2013

മകരവും കുളിരുന്ന മഞ്ഞും മാമ്പൂക്കളും





മകര മഞ്ഞിൽക്കുളിച്ചീറൻമാറാതെ 
മരുവുമാപ്പുഞ്ചവയലിന്റെയോരത്തു 
കുളിരുമാറ്റുവാൻ ഇളവെയില് കൊള്ളുന്നു   
തളിര് പോലൊരു പെണ്‍കൊടി സുസ്മിതം.. 

മകരസമീരനിലുലയുമളകങ്ങളെ 
കരപല്ലവത്താൽ മെല്ലെയൊതുക്കിയാ-
ക്കോമളാംഗി മേവുന്നലസമായ് ....
മിഴിയിണകളിൽ ഒളിമിന്നി നില്ക്കുന്നു,
മധുരാമാമേതോ സ്വപ്നത്തിന്നാലസ്യം ..
കവികൾ വർണ്ണിക്കും മലയാള ചാരുത 
കവിയുകയാണോമലാളിൻ മിഴികളിൽ 
അവൾ തന്നെയല്ലേ പ്രിയങ്കരിയാമെന്റെ 
കുവലയമിഴി,കുലീന,മലയാളസുന്ദരി! 

മകര മഞ്ഞേറ്റു താരും തളിരുമായ്  
മാകന്ദ ശാഖികൾ മാടിവിളിക്കുന്നൂ .. 
മാന്തളിരുണ്ടുൾപുളകമോടെ പാടാൻ  
കോകില ഗായകരെന്തേ വരുന്നീല ?

മകരവും കുളിരുന്ന മഞ്ഞും മാമ്പൂക്കളും 
മറന്നുവോ മലയാള നാടും കിളികളും  
ഇനിവരാതെയായെന്നോ മധുമാസം 
ഇവിടെയീനാടിന്നൈശ്വര്യ നാളുകൾ?     

Sunday, November 10, 2013

സ്വരം

    സ്വരം 

 In Harmony ~ - LOVE HEALS

സ്വരം
നിൻ സ്വരവും
എൻ സ്വരവും
ഇഴുകിടുമ്പോൾ
ഒരു സ്വരമായ്
ചേർന്നിടുമ്പോൾ
ഒഴുകിടുന്നു,ശ്രുതി .
മധുരസ്വരരാഗ-
മൊരരുവിയായി....
സംഗീത യമുനപോലെ
സന്തോഷ,നിർഭരമാം
ജീവിതം സഫലമല്ലോ ....
സംഗീത സാന്ദ്രമല്ലോ ?

സ്വരം

എൻ സ്വരവും
നിൻസ്വരവും
മത്സരിച്ചുയരുമ്പോൾ
അപശ്രുതികളുയരുന്നൂ...
കുരുക്ഷേത്ര സംഗരത്തിൻ -
ശംഖുനാദ മുഖരിതമായ്  
ജീവിതമവതാളമായിടുന്നൂ..
മോഹഭംഗഭരിതമയം
ശോകഗാനവീചികളാൽ
ജീവിതമോ ദുഃഖമയം,
കാണികൾക്കാഹ്ലാദം...

Wednesday, November 6, 2013

ചൊവ്വാദോഷം







ചൊവ്വിൽ ചിതമോടെ തന്നെയവർ 

ഭൌമ ഭ്രമണ പഥത്തിൽ നിന്നും 

ചൊവ്വായിലേക്ക് കുതിച്ചിടുവാൻ 

ചൊവ്വാപര്യവേഷണ പേടകത്തെ 

ചൊവ്വോടെതന്നെവിക്ഷേപിച്ചുവല്ലൊ? 

വിഖ്യാതരായോരീ ശാസ്ത്രജ്ഞരെ 

വിസ്മരിച്ചീടായ്ക നാം കേരളീയർ

ചൊവ്വഗ്രഹത്തിൽ മനുജൻ തൻ പദമൂന്നി 

ചൊവ്വയെ ചൊല്പ്പടിയിലതാക്കിയാലോ?

ചൊവ്വദോഷത്തെയൊട്ടുമേ പേടിച്ചിടാതെ

ചൊവ്വുള്ളവരായിനി മലയാളി മാന്മിഴിക്കു

ചൊവ്വുള്ള മംഗല്യയോഗമേറിടട്ടെ നൂനം

Tuesday, November 5, 2013

വിധിയോ വിനയോ?




ഒരു നൗക,
ഇരു ലക്ഷ്യം,
തുഴയുന്നലക്ഷ്യം.

തുഴയുന്നതലക്ഷ്യം 
നാം തുഴയുന്നു
വെങ്കിൽ, 
കരകാണാ
കടലിൽ 
നാം വെറുതെ
അലയുന്നത്
വിധിയോ?

ഒരു മനസ്സോടൊ-
രുമയോടൊന്നിച്ചു 
തുഴഞ്ഞാൽ
അരികിൽ
നാം അണയില്ലേ
തീരത്തതിവേഗം .

ഇരു മനസ്സോടൊ- 
രുമയെഴാതെ നാം
തുഴയെറിഞ്ഞാലോ 
തീരത്തണയാതെ
തിരകൾ വിഴുങ്ങാം
നാം,കടലിലൊടുങ്ങാം..

വിനയുടെ വിത്ത്‌
പാകുന്നവർ നമ്മൾ
കൊയ്യുവതും വിനയുടെ
വിള തന്നെയല്ലേ?

വിനായായതിൽ 
പിന്നീടതു വിധിയെന്നു- 
പഴി ചൊല്ലും 
മുറവിളി വേണോ ?

Monday, November 4, 2013

ബോബൻ ജോസഫിന് ആദരാഞ്ജലികൾ

ബോബൻ ജോസഫിന് ആദരാഞ്ജലികൾ 



അകാലത്തിൽ പൊലിഞ്ഞു പോയ നമ്മുടെ പ്രിയ സുഹൃത്ത് ശ്രീ ബോബൻ ജോസഫിന്റെ ഒരു കവിതയും അതിനു ഞാൻ നല്കിയ കമെന്റും അദ്ദേഹത്തിന്റെ മറുപടിയും ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു

മരണം ഒരു ചങ്ങാതി

അജ്ഞാന നാളിലീ ജീവിതനൌകയില്‍
അതിരേതും കാണാത്തോരനുഭവങ്ങള്‍
അനുഭവമേറെ പഠിപ്പിച്ചു എങ്കിലും
മൂടിക്കിടക്കും നിനയ്ക്കാത്ത മുറുവുകള്‍

മരണമേ നിന്നെ ഞാനൊരുനാളില്‍ ‍നേരിട്ട
നിമിഷങ്ങളെന്നും ഞാനോര്‍ത്തു പോകും
കാരിരിമ്ബിന്‍റെ കൂര്‍ത്ത മുന പോലെ
മാനസ പൊയ്കയില്‍ വന്ന കാലം ‍

കരിമുകിലഖിലമൊരഗ്നിതന്‍ ഗോളമായി
ഹൃദയത്തിനുള്ളില്‍ നിറഞ്ഞൊരിക്കല്‍
നൌകകള്‍ മരിയാനചുഴിയില്‍പെടുംപോലെ
അകമലരാണ്ടുപോയ് ഭീതിയിങ്കല്‍ ‍

ഉത്കണ്ഠയേറുന്നു, കണ്ടമിടറുന്നു 
പിണ്ഡമായ് മാറിയെന്‍ ഗാത്രിയെന്നോ 
ദിക്കുകള്‍ പൊട്ടുമാറുച്ചത്തിലെത്തിയാ 
ക്രോധനാമശരീരി ഗന്ധര്‍വമെന്നോ

നാളുകള്‍ നീണ്ടുപോയ് കാതങ്ങള്‍ താണ്ടിഞാന്‍
ശീലിച്ചു മരണത്തെ സഹപാഠിയാക്കിടാന്‍ ‍
എങ്കിലും ഭയമെന്ന കൂരമ്പു മൂര്‍ച്ചയാ -
ലെന്‍നെഞ്ചു കുത്തി തുറന്ന കാലം

കടലിലെ തിരമാലയെന്നപോലെന്നാത്മ
സംഘര്‍ഷമോരോന്നുയര്‍ന്നു പൊങ്ങി
സന്താപനാത്മക സന്തിയായെന്നുളില്‍
സുന്ദര സ്വപ്നങ്ങളന്നൊടുങ്ങി

ഉത്കണ്ഠയെല്ലാമൊരുകൊടുങ്കാറ്റ് പോല്‍
ഉള്ളില്‍ കിടന്നലതല്ലുന്ന നേരത്ത്
പതിയെ പതിയെയീ പതിതനാമെന്‍റെയാ
പ്രാണന്റെയുള്ളിലെ ശക്തി കണ്ടു
മരണം ഒരു ചങ്ങാതി

യുദ്ധങ്ങള്‍ ചെയ്തുചെയ്താ‍ജിച്ചയൂര്‍ജം പോല്‍
സംഘര്‍ഷ യുദ്ധങ്ങളില്ലാതായി
രാക്ഷസനായോരു സത്വമല്ലവനെന്ന്
ചിന്തിച്ചു ചിന്തിച്ചകര്‍ശിതനായി

സതീര്‍ത്ഥ്യനാണവനെന്നറിഞ്ഞൊരു നാള്‍ തൊട്ടു
മനമെന്നും ഭയമില്ലാതായി മെല്ലെ
ഏതുനിമിഷവും അവന്റെ മടിത്തട്ടില്‍
നിദ്രയെ പുല്‍കാന്‍ ഞാന്‍ സന്നദ്ധനായ്

അന്ന് തൊട്ടിന്നേവരെയെന്‍റെ ഹൃദയത്തില്‍
മരണീയ ഭയചിന്ത ലവലേശമില്ല
അന്നു തൊട്ടെന്നും ചേതനയോടുള്ള
ഓജസ്സും തേജസ്സും തന്നീടുന്നു ‍
( Boban Joseph on April 17, 2013 )

Dear Tomichettan,

അഭിപ്രായത്തിന് നന്ദി.

ടൈപ്പ് ചെയ്യുമ്പോൾ അക്ഷരത്തെറ്റുകൾ ഉണ്ടാകുന്നു. ക്ഷമിക്കുക
 Comment by Tomy Jacob on May 23, 2013 at 5:28pm
Delete Comment
"സതീര്‍ത്ഥ്യനാണവനെന്നറിഞ്ഞൊരു നാള്‍ തൊട്ടു
മനമെന്നും ഭയമില്ലാതായി മെല്ലെ
ഏതുനിമിഷവും അവന്റെ മടിത്തട്ടില്‍
നിദ്രയെ പുല്‍കാന്‍ ഞാന്‍ സന്നദ്ധനായ്"
മരണത്തെ നിസംഗമായി നേരിടാൻ മഹാന്മാർക്കെ കഴിഞ്ഞിട്ടുള്ളൂ .മഹാനായ സോക്രട്ടീസ് തന്നെ ഉദാഹരണം
ഭാവനയിലെങ്കിലും മരണത്തെ സതീര്‍ത്ഥ്യനാക്കാൻ കഴിയുന്ന മനോഭാവം നന്നായിരിക്കുന്നു.
അക്ഷരത്തെറ്റുകൾ ടൈപോഗ്രഫിക്കൽ എറർ ആണെന്ന് കരുതുന്നു. അല്ലെങ്കിൽ അല്പം ശ്രദ്ധിക്കുക




സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായിരുന്ന ബോബൻ ജോസെഫ് (43) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് നെരുൾ -നവി മുംബൈയിൽ വച്ചായിരുന്നു അന്ത്യം.
ആലപ്പുഴ എടത്വ സ്വദേശിയായ ബോബൻ PCTS എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു . ജോസഫീന ബോബൻ ഭാര്യയും, ട്രീസ (13), ടീന (6), എന്നിവർ മക്കളുമാണ്.
ബോബന്റെ മലയാളം കവിതകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു.
INDIA BOOKS OF RECORDSൽ ഇടം നേടിയ 'മാവേലി മന്നന്റെ മനസ്സ്' എന്ന കവിത ബോബന്റെ തൂലികയിൽ വിരിഞ്ഞ ഒരു മികച്ച സൃഷ്ടി ആയിരുന്നു.
നെരുൾ - നവിമുംബൈ മേഖലയിലെ മലയാളികൾക്കിടയിൽ നിറ സാന്നിധ്യമായിരുന്ന ബോബന്റെ അകാലവിയോഗത്തെ ഏറെ വേദനയോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും
അഭിമുഖീകരിച്ചത്..
സംസ്കാരം നവംബർ 5ന് വൈകീട്ട് 4 മണിക്ക് നെരുൾ-നവി മുംബൈ ലിറ്റിൽ ഫ്ലവർ ചർച്ചിൽ നടക്കും .