Tuesday, October 8, 2013

മലാല യൂസഫായ്





പ്രിയ സഹോദരി
മലാല യൂസഫായ്   
വിടരാന്‍ വിതുമ്പുന്ന
പനിനീരലര്‍ പോലെ
മാനവികതയുടെ,
മധുര സ്വപ്നമായ്,
സ്വാതന്ത്ര്യത്തിന്‍,
മാസ്മര സന്ദേശമായി
സ്ത്രൈണ ധീരതയുടെ
കെടാവിളക്കായ
നിന്നെ
താലിബാന്‍ ഭീകരര്‍
ഞെരിച്ചു കൊല്ലാന്‍
എത്ര ശ്രമിച്ചാലും  
നിന്റെ ഉറച്ച
വിശ്വാസങ്ങള്‍
ധീരതയുടെ
പുതിയ
ഇതിഹാസങ്ങള്‍
രചിക്കുവാന്‍
വീണ്ടും
അഗ്നിച്ചിറകുകളുള്ള    
പോരാളിയായി,
നിന്റെ
തിരിച്ചു വരവിനായി      
ഞങ്ങള്‍
പ്രാര്ഥനാ നിർഭരരായ്
കാത്തിരുന്നൂ.....


പ്രിയ സഹോദരി.
മലാല യൂസഫായ്  
മരണത്തെയും
ഭീകരതെയും നീ
ധീരയായി അതിജീവിച്ചു
നീ തിരിച്ചു വന്നു ..
ഭീകരതയുടെ
വൈതാളികർ
ഇനിയും നിന്നെ
അപായപ്പെടുത്തുവാൻ
തുനിഞ്ഞേക്കാം......
മാനവികതയുടെ,
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ,
പ്രതീകമായ നീ
സമാധാനം കാംക്ഷിക്കുന്ന
ലോക ജനതയുടെ
ആവേശമായ്‌
ആശാ കിരണമായ്
ധീരതയുടെ ഊര്ജ്ജവുമായ്
കാലാതിവർത്തിയായി  
തെളിഞ്ഞു പ്രകാശിക്കട്ടെ !


  

Monday, September 30, 2013

മഹാത്മാ ഗാന്ധി


PEMG1947035009

മഹാത്മാഗാന്ധി 

കർത്തവ്യനിഷ്ടാപ്രിയൻ,
ജനസേവകൻ,ബാപ്പുജി 
അധികാരത്തിന്നാർഭാടമമ്പേ,
വെടിഞ്ഞന്നേകനായ് 
കലാപബാധിതപ്രദേശേ-
അണഞ്ഞു,പരിക്ഷീണനായ്..  

ഗാന്ധിതൻമൃദുമന്ത്രണം,ജനം 
ശാന്തിതൻ മന്ത്രമാക്കിയോ?
വൈരം വെടിഞ്ഞജനമൊന്നാ-
യിഹ,ബാപ്പുവിൻചാരേ, 
 തന്നിടയനോടൊത്തുമേവുന്ന
ശാന്തരാം അജങ്ങളെപ്പോൽ!  
ഈ മനോഹരദൃശ്യം കണ്ടുള്ളം 
തെളിയാത്തവരാരാരുണ്ട് പാരിൽ? 

സാമ്രാജ്യത്വത്തിൻഭീകര 
ഭൂതത്തെയമ്പേയഹിംസാ-
മന്ത്രത്തിനാലാവാഹിച്ചൊരു
കുടത്തിലാക്കിയകറ്റിയ
മാന്ത്രികൻ,മഹാത്മാഗാന്ധി
തൻ,ശിഷ്യർ പോലും
സ്വാർത്ഥരഹിത രാഷ്ട്രസേവന
മാർഗ്ഗമമ്പെവെടിഞ്ഞു,
സ്വാർത്ഥലാഭത്തിനുള്ളൊ-
രുപാധിയാക്കി "ഗാന്ധിനാമം"


Saturday, September 28, 2013

സാന്ത്വനം

Boy with his mother and sister in the hospital Photo (b04106)

സാന്ത്വനം 

ചന്ദനഗന്ധിയാം ചിന്തകളെന്റെ
അന്തരംഗത്തിൽ നിറഞ്ഞു കവിയണം
മന്ദഹാസം തൂകുമെന്റെ മൊഴികളോ 
മഴയും നിലാവും പകരും കുളിരിന്റെ
അലകൾ തഴുകുന്നപോലെ മൃദുവായി-
ത്തഴുകിയെന്നോമനെ,നിന്റെ വേദന
യെല്ലാമകറ്റുന്ന  സാന്ത്വനമാകണം.


Thursday, September 26, 2013

എട്ടുകാലിയുടെ ആത്മരോദനം





എട്ടുകാലിയുടെ ആത്മരോദനം

ദിക്കുകളെട്ടിലും തട്ടിപ്പിന്നാശാനെന്നു
ദുഷ്കീർത്തിയുള്ളൊരു പ്രാണിയാംഞാൻ
സ്വന്തമായിട്ടൊരു കൂട് നിർമ്മിച്ചതിൻ
മൂലയിൽ ഏകനായി മേവിടുന്നോൻ 
എന്നെയെന്തിന്നിഹ,തേജോവധം 
നിങ്ങൾചെയ്തിടുന്നെത്രയോ നാളുകളായ് 

"എത്ര ചാതുര്യത്തോടെയാണ്  നീ
ചിത്രസുന്ദരമീ വലകൾ നെയ്തീടുക 
മഞ്ഞു തുള്ളികൾ മുത്തു ചാർത്തിയ
മഞ്ജുഗേഹമതിലേകനായ് ...   
ഉലാത്തിടുന്നു നീ ഏകശാസനാ
ഭാവമാർന്നതിലോലനായ് ... "

ചിത്ര ചാതുരിയാർന്ന പാവങ്ങൾ
മിത്രമാം നെയ്ത്ത്കാരു ഞങ്ങൾ  
എത്രയോകാലമായ് നിങ്ങൾ ഞങ്ങളെ 
"ദുഷ്ടരെന്നു  വിളിച്ചപഹസിപ്പൂ 

"എട്ടുകാലികളവർ കെട്ടും വലയിൽ
പെട്ടിടാതെ നിങ്ങൾ സൂക്ഷിക്കേണം  
പെട്ടുപോയെന്നാൽ മോചനമൊട്ടുമേ 
കിട്ടുകില്ലെന്നുമോർത്തിടെണം ..."
ഇപ്രകാരം ചൊല്ലിയല്ലേ നിങ്ങൾ
നിത്യവും ഞങ്ങളെ അവമതിപ്പൂ 

ഞങ്ങൾ കെട്ടും വലയിലെന്തിനു
വെറുതെ പൂമ്പാറ്റകൾ വീണിടുന്നൂ  
വലയിൽ വീണൊരു പൂമ്പാറ്റയതിനെ
വെറുതെ കളയുവാനായിടുമോ? 

വെബ്‌ ലോകം തീർക്കും വിനാശവലകളെ 
വേണ്ടെന്നു നിങ്ങൾ പറയുന്നുണ്ടോ? 
ചാറ്റിങ്ങു,ചീറ്റിങ്ങായ് മാറ്റി വിഷം കുത്തും 
ഇരുകാലിജീവികൾ തീർക്കും വലകളിൽ 
അറിയാതെ കുടുങ്ങിപ്പിടയും പൂമ്പാറ്റകൾ 
നിരവധിയായില്ലേ മാലോകരെ ?
അവരെ സമൂലം നശിപ്പിക്കാനാവാത്തവർ 
വെറുതെ,യീഞങ്ങളെ വിട്ടേക്കുക. 

നേരും നെറിയും വേർതിരിച്ചറിയുവാൻ 
നേരായ വഴികൾ കാട്ടിനീയീശ്വരാ  
പൂമ്പാറ്റപോലെ പറക്കാൻ കൊതിക്കുന്ന 
പാവം പെണ്‍കുട്ട്യോളെ രക്ഷിക്കണേ 

മോരും മുതിരയും തിരിച്ചറിയുന്ന,പോൽ നേരിൻ വഴിയേ നടത്തേണമേ  
ദുഷ്ടരെന്നിനിയുംപറയാതെ ഞങ്ങളെ
ശിഷ്ടരായ്‌ മാറ്റാൻ വരമേകണേ ....

(http://www kathirukaanakilikal.)

Monday, September 23, 2013

അച്ചപ്പ കണക്ക്

                


അച്ചപ്പ കണക്ക്
കൊച്ചച്ചന്‍ വന്നോ, അച്ചപ്പം തന്നോ?
കൊച്ചച്ചന്‍ വന്നു,അച്ചപ്പം തന്നു.
അച്ചപ്പം കൊച്ചച്ചനെത്തറ തന്നു ?
കൊച്ചച്ചന്‍ തന്നപ്പം പത്തെന്നു ചൊല്ലി 
തന്നപ്പം, ഞാനൊന്നു തിന്നെന്നു വെച്ചോ.   
വന്നപ്പം, ഞാനൊന്നു തിന്നോണ്ട് വന്നു.
നിന്നപ്പം, ഞാനൊന്നു തിന്നാതെ തിന്നു.
എനിക്ക് വിശന്നു,ഞാനഞ്ചു തിന്നു.
ബാക്കിയുള്ളതിനി,നീയങ്ങെടുത്തോ 
അമ്പെടീ കള്ളീ,മുഴുവനെടുത്തേ .....
    

Sunday, September 22, 2013

പി.ടി. ചാക്കോ

......................................................
പി.ടി. ചാക്കോ
1957 -1959 കാല ഘട്ടത്തിലെ പ്രതിഭാധനനായ പ്രതിപക്ഷ നേതാവ്. വിമോചനസമരമെന്ന ജനകീയ മുന്നേറ്റത്തിന്റെ അജയ്യനായ സേനാ
നായകൻ (വിമോചനസമരത്തെ തള്ളിപ്പറയുന്നവർ പക്ഷെ ഉപരോധ സമരമെന്ന കാട്ടാളത്തത്തെ ന്യായീകരിക്കും) കോണ്‍ഗ്രസ്,, പി.എസ.പി,ലീഗ് കാരെ
ഒന്നിപ്പിച്ച ഐക്യ മുന്നണിയുടെ ശില്പിയായി.1960-ൽ അധികാരത്തിലേറിയ പട്ടം താണുപിള്ള സർക്കാരിലും, പട്ടം ആന്ധ്ര ഗവർണ്ണരായപ്പോൾ രൂപം കൊണ്ട
 ആർ.ശങ്കർ "മുഖ്യമന്ത്രി"യായുള്ള മന്ത്രിസഭയിൽ ആഭ്യന്തരം, റെവന്യൂ ,നിയമം,തുടങ്ങിയ സുപ്രധാന വകുപ്പുകൾ ഭരിച്ച "മന്ത്രിമുഖ്യൻ",ഇങ്ങനെ പി.ടി. ചാക്കോ എന്ന നേതാവിനെക്കുറിച്ചു എത്ര പറഞ്ഞാലും അധികമാവില്ല. പക്ഷെ, അദ്ദേഹത്തിന്റെ  മകൻ നേതാവിനെപ്പോലെ, ചാക്കോ അവസരവാദിയായിരുന്നില്ല. അവസരങ്ങൾ അദ്ദേഹത്തെ തേടി വരുകയായിരുന്നു.മന്ത്രി സഭ യിൽ നിന്നും  രാജി വച്ച ശേഷം കെ.പി.സി.സി.അധ്യക്ഷ പദവിയിലേക്ക് മത്സരിച്ച അദ്ദേഹത്തെ
താൻ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തിക്കൊണ്ട് വന്നവർ  പിന്നിൽ നിന്ന് കുത്തി.(ആ കൂട്ടത്തിൽ ചങ്ങനാശ്ശേരിയിലെ അക്കാലത്തെ യുവനേതാക്കളും ഉൾപ്പെടുന്നുണ്ട്.)  അദ്ദേഹത്തെ പരാജയപ്പെടുത്താൻ കൂട്ട് ചേർന്നപ്പോൾ മനം നൊന്തു അദ്ദേഹം തത്കാലത്തേക്ക് രാഷ്ട്രീയം മാറ്റിവച്ചു, ഋണബാധ്യതയേറിയ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതക്ക്  വേണ്ടി ക്രിമിനൽ വക്കീലായി.കേസിന്റെ വാദമുഖങ്ങൾ ശരിയായി പഠിക്കാൻ കുറ്റ കൃത്യം നടന്ന സ്ഥലം സന്ദർശിക്കുമ്പോൾ ഹൃദ്രോഗബാധയെത്തുടർന്നു ആ മാന്യദേഹം 1964 ഓഗസ്റ്റ്‌- ൽ ദിവംഗതനായി..



എന്റെ കഥ,നിങ്ങളുടെതും


                                          എന്റെ കഥ,നിങ്ങളുടെതും

ആമുഖം 
ഞാൻ ഈ കുറിക്കുന്നത് എന്റെ ജന്മനാടിനെക്കുറിച്ചും അവിടെയുള്ള നാട്ടുകാരെക്കുറിച്ചുമുള്ള           
എന്റെ ഓർമയിൽ തെളിയുന്ന ശിഥിലചിന്തകളാണ് .അവ തികച്ചും വ്യക്തിനിഷ്ടമായ ഭാവനാ ചിത്രങ്ങളാണ് .എന്നാൽ യാഥാർത്യവുമായി ചിലപ്പോൾ അത് താദാത്മ്യം പ്രാപിക്കുന്നതായി വായനക്കാർക്ക് തോന്നാവുന്നതുമാണ്.അങ്ങിനെ വരുമ്പോൾ അത്  ആരെയെങ്കിലും വേദനിപ്പിക്കുകയോ അലോരസ്സപ്പെടുത്തുകയോ ചെയ്യുന്നുവെങ്കിൽ സദയം എന്നോട് ക്ഷമിക്കുവാൻ അപേക്ഷിച്ചുകൊണ്ട്‌ ഒരുപക്ഷെ നിങ്ങളുടെതും കൂടിയാകാവുന്ന എന്റെ ഈ കഥ എല്ലാ ചങ്ങനാശ്ശേരി നിവാസികൾക്കുമായി സമർപ്പിക്കുന്നു .

File:Changanassery Landmarks.JPG



അധ്യായം ഒന്ന് 

ഞാന്‍ ഒരു നാട്ടിന്‍ പുറത്തുനിന്നും വരുന്നവന്‍.. നാട്ടിന്‍ പുറമെന്നാല്‍ മദ്ധ്യ തിരുവിതാംകൂറിലുള്ള ഒരു ചെറിയ പട്ടണം . പക്ഷെ പട്ടണത്തിന്റെ  നാട്യം ഒട്ടുമില്ലാത്ത ഒരു പ്രദേശം.
എന്റെ നാടിന്റെ കിഴക്ക് ഭാഗം ചെറിയ കുന്നിന്‍ പ്രദേശമാണ്.പടിഞ്ഞാറ് പുഞ്ചപ്പാടങ്ങളും തോടുകളും നിറഞ്ഞ കുട്ടനാടന്‍ ഭൂപ്രദേശം.കരിമ്പാറയും വെട്ടുകല്ലും  നിറഞ്ഞ കിഴക്കന്‍ പ്രദേശത്തുനിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് വരുമ്പോള്‍ ക്രമേണ മണ്ണിന്റെ  ഘടനയിലും സാരമായ മാറ്റം കാണാവുന്നതാണ്.കട്ടിയുള്ള മണ്ണ്  നിറഞ്ഞ മലമ്പ്രദേശം ക്രമേണ പശിമയുള്ള വളക്കൂറുള്ള  മണ്ണായി മാറുന്നു. വീണ്ടും പടിഞ്ഞാറ് ഭാഗത്തേക്ക് വരുമ്പോള്‍ ചേറു നിറഞ്ഞു, നെല്കൃഷിക്കുമാത്രം യോജിച്ച ഭൂവിഭാഗമായി മാറുന്നു .ഭൂവിജ്ഞാനീയശാസ്ത്രജ്ഞർ "ലാറ്ററൈറ്റ് "എന്നു വിളിക്കുന്ന വെട്ടുകല്ല് അഥവാ ചെങ്കല്ല് ,"ഗ്രാനൈറ്റ്"  എന്ന് പറയുന്ന കരിങ്കൽപാറ നിറഞ്ഞ കുന്നിൻ പുറങ്ങൾ
നിറഞ്ഞ പ്രദേശമാണ് ഇത് ഒരുപക്ഷെ ഖനിജങ്ങൾ എന്ന വിഭാഗത്തിൽപ്പെടുത്താവുന്ന പ്രകൃതി വിഭവവും ഈ കല്ലുകളാണ്..ലിഗ്നൈറ്റ് ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നതും കാണ്ടാമരം എന്ന് ഗ്രാമീണർ പറയുന്ന ഒരുതരം കല്ക്കരി സദൃശമായ വസ്തുവും വളരെ പരിമിതമായ തോതിൽ ഈ പ്രദേശത്തെ പുഞ്ചപ്പാടങ്ങളിൽ നിന്നും ലഭ്യമാണ്.
 എന്റെ  നാട്ടുകാര്‍  ഭൂരിഭാഗവും കൃഷിയും അനുബന്ധ ജോലികളിലും വ്യാപൃതരായവരായിരുന്നു .മരച്ചീനി(കപ്പ), പച്ചക്കറി, വാഴ എന്നിവയാണ് നെല്‍കൃഷിക്ക് പുറമേ പ്രധാന വിളകള്‍. എന്നാല്‍ കിഴക്കന്‍ പ്രദേശത്ത് റബ്ബര്‍,കാപ്പി,കൊക്കോ തുടങ്ങിയ നാണ്യവിളകളും കാണാനുണ്ട്.                                  
എന്റെ നാട്പ്രസിദ്ധമായ  ഒരു വ്യാപാരകേന്ദ്രം കൂടിയാണ് .ചങ്ങനാശ്ശേരി ചന്തയില്‍ ലഭിക്കാത്തതായി ഒന്നുമില്ലായിരുന്നത്രേ. ആന, ആയിരുന്നത്രെ ആദ്യ  വിപണന വസ്തു. കിഴക്കന്‍ മല നിരകളില്‍ നിന്നും കാള വണ്ടികളില്‍ മലഞ്ചരക്കുമായ്  വരുന്ന കച്ചവടക്കാര്‍ മടങ്ങുമ്പോള്‍ കയർ, ഉണക്കമീന്‍ തുടങ്ങിയ വിഭവങ്ങള്‍ കൊണ്ടുപോയിരുന്നു. ബുധനാഴ്ചയും ശനിയാഴ്ചയുമായിരുന്നു ചന്ത  ദിവസ്സങ്ങള്‍. ഈ ദിവസ്സങ്ങളില്‍ കാള വണ്ടികളുടെ കട, കട ശബ്ദം   കേട്ടാണ് ഞാന്‍ രാവിലെ ഉണര്ന്നിരുന്നത്..
എഴിഞ്ഞില്ലം മുതൽ തുരുത്തി വരെ എം.സി.റോഡിന്റെ ഇരുവശത്തുമായിട്ടാണ് കോട്ടയം ജില്ലയിലെ പ്രധാന  താലൂക്കായ ചങ്ങനാശ്ശേരി സ്ഥിതി ചെയ്യുന്നത് .ളായിക്കാട്ടു പാലം ലോപിച്ച് "ളാപ്പാലം" എന്ന് പറയുന്ന ഒരുചെറിയ പാലമാണ് ചങ്ങനാശ്ശേരി മുനിസിപ്പൽ  പട്ടണത്തിന്റെ തെക്കേ അതൃത്തി.വടക്കു ഭാഗത്ത് അതൃത്തി കണ്ണംപേരൂർ ചിറവരെയും കിഴക്ക് കുരിശുംമൂടും പടിഞ്ഞാറ് പാറാൽ / വെട്ടിത്തുരുത്തുമാണ് ,ചങ്ങനാശ്ശേരി പട്ടണത്തിലെ  24 വാർഡുകൾ ഉൾപ്പെടുന്ന മുനിസിപ്പൽ പ്രദേശം .
             
2001 -ലെ സെൻസസ് പ്രകാരം ചങ്ങനാസേരിയുടെ ജനസംഖ്യ 51960 ആണ്.അതിൽ സ്ത്രീപുരുഷ അനുപാതം 52::48 ആണ് .സാക്ഷരതാ നിരക്ക് ഏതാണ്ട് 86% കൂടുതലാണ്.ചങ്ങനാശ്ശേരിയുടെ ജനസംഖ്യയിൽ ഗണ്യമായ ഒരു വിഭാഗം പ്രവാസികളാണ്.





ജാതി- മത സൗഹാർദ്ദത്തിൽ "ചങ്ങനാശ്ശേരിമാതൃക" പ്രശംസനീയമാണ് .ക്രൈസ്തവ, ഹിന്ദു, മുസ്ലീം സമുദായങ്ങൾ യാതൊരു വിധ സമുദായസ്പർദ്ദയും കൂടാതെ ഇവിടെ പരസ്പര വിശ്വാസത്തിലും മൈത്രിയിലും കാലാകാലങ്ങളായി സമാധാനത്തോടെ കഴിഞ്ഞു വരുന്നു.ക്രിസ്തുമസ് ,പുഴവാത് അമ്പലത്തിലെ ചിറപ്പ് മഹോത്സവം, മുസ്ലീം ജനവിഭാഗത്തിന്റെ ചന്ദനക്കുടമഹോത്സവം,എന്നിവ ജനങ്ങൾ ഒന്നായി അണിചേർന്നു ഇവിടെ ഡിസംബർ മാസത്തിൽ ഏതാണ്ട് ഒരേ കാലയളവിൽ തന്നെ കൊണ്ടാടുന്നു.
സെന്റ് മേരീസ് മെട്രോപോളിറ്റൻ കത്തീഡ്രൽ പള്ളി ,പാറേൽ പള്ളി, എന്നിവ ഇവിടുത്തെ പ്രബല ക്രൈസ്തവ വിഭാഗമായ സീറോ മലബാർ കത്തോലിക്കരുടെ പ്രശസ്തമായ ആരാധനാലയങ്ങളാണ് .
പെരുന്ന സുബ്രമണ്യ സ്വാമി ക്ഷേത്രം, വാഴപ്പള്ളി മഹാദേവർ ക്ഷേത്രം,തൃക്കൊടിത്താനം മഹാ വിഷ്ണുക്ഷേത്രം എന്നിവ കീർത്തികേട്ട ഹൈന്ദവക്ഷേത്രങ്ങളും.പുതിയ പള്ളി എന്നർഥത്തിൽ പുതൂർപ്പള്ളി,പഴയപള്ളി എന്നിവ  മുസൽമാന്മാരുടെ പ്രസിദ്ധമായ മസ്ജിദുകളാണ്. .ആനന്ദാശ്രമം ആകട്ടെ പ്രശസ്തമായ ഈഴവസമുദായസ്ഥാപനമാണ്‌..

(തുടരും )