Thursday, September 19, 2013

ലക്ഷ്യസ്ഥാനം

    ലക്ഷ്യസ്ഥാനം 

ചുവപ്പ് വെളിച്ചം പ്രസരിപ്പിച്ചു
 
"വഴിമാറിത്തരുവിൻ വേഗം "  

ദീനമാം മുറവിളിയോടതാ, 

ആംബുലൻസതിവേഗത്തിൽ, 

ചീറിപ്പാഞ്ഞണഞ്ഞീടുന്നു.  

അതുകണ്ട്  പലരും വഴിമാറി,

പക്ഷേ,യൊരുവന്നതിബുദ്ധിമാൻ   

ആംബുലൻസിൻ തൊട്ടുപിന്നാലെ- 

യതിവേഗം തന്നെ ബൈക്കിൽ 

പായുന്നു,പറയുന്നിത്ഥം 

"ബ്ലോക്കില്ലാതെ",വേഗത്തിൽ 

ലക്ഷ്യസ്ഥാനത്തണയുവാൻ  

ഇതു നല്ലോരെളുപ്പവഴി. 

പെട്ടെന്നതിബുദ്ധിമാൻ യാത്രികൻ 

വെട്ടിത്തിരിയുന്നോരാംബുലൻസിൻ 

പിന്നിൽ മുട്ടി, തട്ടിത്താഴെ വീഴുന്നു. 

നാട്ടുകാരോടിയെത്തുന്നു .

ശോണിതത്തിലഭിഷിക്തനാം 

കഷ്ടം!ബൈക്ക് സഞ്ചാരി 

ആംബുലൻസിലേറി തന്നെ 

തൻ ലക്ഷ്യസ്ഥാനത്തതിവേഗം 

എത്തിച്ചേർന്നത്‌ കണ്ടാലും....  .

Tuesday, September 17, 2013

പിള്ളേരോണം


പിള്ളേര്‍ക്കുമുണ്ടൊരോണം പിള്ളേരോണം

ആവണിപ്പിറപ്പിൻ മുന്നെ 
ആർഭാടത്തോടെ നമ്മൾ  
പണ്ടാചരിച്ചിരുന്നോരോണം,
പിള്ളേരോണം. 


ഇരുപത്തേഴുദിനം,നമ്മൾ 
തിരുവോണ നാളിൻ മുൻപേ
കളിയാടി വന്നോരോണം 
പിള്ളേരോണം.... 

കർക്കിടകപ്പേമാരിക്കിളവായി 
ഒരു പത്തുനാൾ  തെളിവുണ്ടേ, 
അപ്പോളാണാഘോഷിപ്പതീ 
 പിള്ളേരോണം.

ശ്രാവണത്തിരുവോണമാ
ഗതമാകും മുന്നേ 
നല്ല നാളതിൻ നാന്ദിയായി 
നമ്മളാചരിച്ചിരുന്നത്രേ 
ഈ പിള്ളേരോണം .

ആർപ്പോ... ഇർറോ, ഇർറോ
എന്നുച്ചത്തിൽ വിളിച്ചവർ 
കുട്ടിക്കൂട്ടമായാമോദിച്ചു 
കഴിഞ്ഞ കാലം.

മലവെള്ളം പൊങ്ങിപൊങ്ങി 
പാടമൊക്കെ കായലായി 
വാഴപ്പിണ്ടി ചങ്ങാടത്തിൽ 
തുഴഞ്ഞ കാലം...

പൂവിളിപ്പാട്ടിന്റെ നല്ല 
ശീലുകൾ മെല്ലെ,മെല്ലെ
ഗ്രാമ,ഗ്രാമാന്തരങ്ങളിലും 
 മുഴങ്ങും കാലം. 

പിള്ളേരോണമെന്താണതെ   
ന്നത്ഭുതം കൂറി നിൽപ്പൂ 
അച്ഛനുമമ്മക്കുമൊറ്റ-
പ്പുത്രനാം കുട്ടി. 

കൂട്ടുകുടുംബരീതി പാടേ 
ശിഥിലമായതിൽ പിന്നെ 
നാട്ടുനടപ്പുകളൊക്കെ 
കീഴ്മേൽ മറിഞ്ഞു .

പൂവേ പൊലി, പൊലിയെ, 
പൊലി എന്ന് 
കുട്ടിക്കൂട്ടം കൂട്ടുചേർന്ന് 
ആർപ്പുവിളിച്ചാമോദിച്ചു 
കഴിഞ്ഞ കാലം.

ഇങ്ങിനി വരാത്തവണ്ണം 
കൊഴിഞ്ഞു 
പോയാ ദിനങ്ങൾ 
നന്മതൻ നറുമലർ 
വിടരും കാലം! 

Monday, September 16, 2013

ആർപ്പോ....... ഇർറോ ....

Onam Snake Boat Race

ആർപ്പോ.......  ഇർറോ ....

ആർപ്പോ.......  ഇർറോ ....
ആർപ്പോ .... ഇർറോ .
ആർപ്പുവിളികളുയരട്ടെ! 
കൂട്ടുകാരവരെത്തിപ്പോയ്.... 
പാട്ടുകളോണപ്പാട്ടുകൾ,പാടി 
വാഴ്ത്തിടട്ടെ! മാബലിയെ  
നാട്ടിൽ നന്മകളുണരട്ടെ !    

Saturday, September 14, 2013

ഒരു നാടൻ പാട്ട് (പുലികളിപ്പാട്ട് )




മണിക്കുട്ടന്  പണി കിട്ടി, 
പണിക്കൊത്തു പണം കിട്ടി, 
തുണിത്തുമ്പിൽ പണം കെട്ടി ,
പണം നല്കി പണ വാങ്ങി,  
പണ വെട്ടി തിനവിതച്ചു, 
തിന തിന്നാൻ കിളിയെത്തി, 
കിളിയാട്ടാൻ പെണ്ണൊരുത്തി  
കിളി തോല്ക്കും മൊഞ്ചത്തി,  
പെണ്ണിനൊപ്പം അണ്ണനുണ്ടേ ,
അണ്ണനൊരു പൊണ്ണനാണേ 
ഒരു കുപ്പിക്കള്ള് നല്കി  
അവനേ ഞാൻ വശത്താക്കി, 
അവനെന്റെ അളിയനായേ .  
(ഓണക്കാലത്ത് നമ്മുടെ നാട്ടിൻപുറങ്ങളിൽ 
ചെണ്ടകൊട്ടി എത്തുന്ന കടുവകളിയുടെ
ചുവടുവയ്പ്പിന്നുള്ള ചെണ്ടയുടെ താളം) 




Tuesday, September 10, 2013

കൊയ്ത്തു പാട്ട്


kerala women carrying harvest

കൊയ്ത്തുപാട്ട് 

ചിത്തിരമാതം പിറന്നേ 
ചെമ്പാവിൻ കതിർ വിളഞ്ഞേ  
"മാവേലിക്കരി"പാടങ്ങളും 
കൊയ്യുവാൻ പരുവമായേ....  
ചാത്തനെന്റെ കെട്ട്യോന്റെ     
കാവലാണേയീക്കണ്ടോം .. . 
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്ത തോം ...  


കൊയ്ത്തു പാട്ടിന്നീണത്തിൽ 
കൊയ്തു, കൊയ്തു മുന്നേറാൻ...  
കൊയ്ത്തുകാരി പെണ്ണാള് 
കൊയ്ത്തരിവാൾ രാകിടുന്നേ..  
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്ത തോം ...  

കതിര് കൊയ്തു,കൊയ്തു കൂട്ടി,
കറ്റകെട്ടി, കളത്തിലേറ്റി , 
മെതിച്ചു കൂട്ടി,പൊലി പിടിച്ചു
കാറ്റിൽ തൂറ്റി, പൊലിയളന്നു
തമ്പുരാന്റെ അറയിലാക്യേ .....
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്ത തോം ...  

പതവും വാങ്ങി,പാതിരായ്ക്ക്
കുടിയിലെത്തി,കുത്തിപ്പാറ്റി
കഞ്ഞിവച്ച് വയറു കാഞ്ഞ
ക്ടാങ്ങൾക്കായ് ഏൻ വിളമ്പ്യേ .....
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്ത തോം ...  

വയറു ചൂളം പാടിയപ്പോൾ 
ഉപ്പും ചേർത്തു രണ്ടു വറ്റും,
നാഴിയുരിയകഞ്ഞിവെള്ളോം 
ഞാനുമങ്ങു മോന്തിയല്ലോ...
എന്നിട്ടുമെൻ മാളോരെ.... 
പശിയടങ്ങിത്തീരുണില്ല്യേ ..... 
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്തതോം ...  

അപ്പോഴ് ദാ,വരണുണ്ട് 
"തമ്പ്രാൻ പടിക്കലീന്നും" 
കിട്ടിയോരാക്കാശിനയ്യോ,
കള്ളുമോന്തി,പാട്ടും പാടി  
ആടിയാടി,നാലുകാലിൽ 
കെട്ട്യോനും കുടിലിലെത്ത്യേ... 
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്ത തോം ...  

പിന്നെയെന്റെ മാളോരേ....
എങ്ങനെ ഞാൻ ചൊല്ലുമതു
പുകില് തന്നെ വൻപുകില്.
പുകില് തന്നെ വൻപുകില്.
തെയ്യ്‌ തരികിട തിന്ത തോം ...  
തിരു തകൃതി തിന്ത,ത്തെയ്യ്‌ 
തെയ് തരികിട തിന്ത തോം ...  


Saturday, September 7, 2013

നിത്യസഹായക, നിര്‍മല മേരീ..




The Angel Gabriel appears to Mary



അമ്മ,യമലോത്ഭവ കന്യകയാകും  
നിത്യസഹായക നിര്‍മല മേരീ..  
സന്തതമെന്‍ മന മുകുരം തന്നില്‍
നിന്നുടെ രൂപം പ്രതിബിംബിപ്പൂ
നീല നിലാവൊളി ചിന്നുന്നൂ നിന്‍
നീരജ സമമാം വദനം തന്നില്‍
നീലക്കടല്‍ തന്‍ നീലിമയാലെ,
നീലാംബരീ നീ ശോഭിതയല്ലോ
കാരുണ്യത്തിന്‍ കടലേ, നാഥേ
"കാനായില്‍"' നീ ചെയ്തത് പോലെ 
നിന്‍ പ്രിയ സുതനോടരുളണമിന്നും 
എന്‍ ദുരിതങ്ങളകറ്റാന്‍ തായേ..

Wednesday, September 4, 2013

വിശ്വദീപമേ നീ നയിച്ചിടൂ....




ദീപമേ  നീ നയിച്ചാലും.... 
നീ നയിക്കുക ഞങ്ങളെ 
വിശ്വദീപമേ നീ നയിച്ചിടൂ.... 

വിശ്വ ദീപ പ്രതീകമായ് 
കത്തിയെരിയും,മെഴുതിരീ 
ക്ഷണികമാണെങ്കിലും നിൻ
ജന്മമെത്രയൊ സഫലമാം..   
കുറിയ രൂപമാണെങ്കിലും നീ 
ഇരുളകറ്റിപ്രഭ ചൊരിഞ്ഞിടും 
ഉരുകിടുന്നു മേനിയെങ്കിലും    
കതിരൊളി തൂകി നില്പൂ നീ...  

സ്നേഹിതർക്കായി സ്വന്ത ജീവൻ 
ബലിയണച്ചൊരു നാഥനായ്  
സ്തുതികൾ പാടി നീ നിന്നിടും 
ഒരു മെഴുതിരി തൻ ജന്മമായ് ...
അരിയ ദീപമേ മെഴുതിരീ... 
അഖിലലോക പ്രശസ്ത നീ 
ഭക്തർ തന്നുൾക്കണ്‍ തുറന്നിടാൻ   
ശക്തമായൊരു ജ്വാലയായ് 
കത്തിയുരുകിയെരിഞ്ഞിടൂ ....
ദീപമേ നീ ചൊരിഞ്ഞിടൂ ...
ദീപ്തമാം നിൻ കതിരൊളി..   

ദീപമേ  നീ നയിച്ചാലും 
വിശ്വദീപമേ നീ നയിച്ചിടൂ ..
വിശ്വ ദീപമാകും ക്രിസ്തു കാട്ടും 
പാത തന്നിൽ ഗമിച്ചിടാം....