Tuesday, May 28, 2013

നിറങ്ങൾ



നിറങ്ങളേ,നിങ്ങളെഴുപേർ ചേർന്നാലേ 
നിയതമായിടൂ ഞങ്ങൾക്കീജീവിതം. 
വർണ്ണങ്ങളും വർണ്ണഭേദവുമില്ലെങ്കിൽ  
നിർണ്ണയം ഭൂമിയൊരൂഷരമാം ഗ്രഹം 

ചുവപ്പ് രാശിപൂശിയില്ലെങ്കിലർക്കന്നു-
ദയാസ്തമനത്തിലീഭംഗിയുണ്ടാകുമോ ? ,

ഹരിതനിറമില്ലെങ്കിലീജീവിതമാകെക്കൂടി    
ദുരിതപൂർണമായ്ത്തീരുമത്  നിർണ്ണയം.

നീലസാഗരവു,മനന്തമാ,മാകാശസീമയും 
നീലിമയാർന്നതിചാരുതയേകുന്നല്ലോ      

നീലനിറത്തിനെത്ര ഭാവങ്ങൾ, ഭേദങ്ങൾ
നീലതൻ നിറഭേദം വയലെറ്റെന്നതുമല്ല,  
ഇന്ത്യൻ ബ്ലു"വെന്നപേരിൽ പ്രശസ്തിനേടി  
"ഇൻഡിഗോ"യെന്നുള്ള നീലതൻ വകഭേദ-   
മായൊരു നറുംനീല നിറവും കൂടിയുണ്ട്  . 

ഭാരതാംബതൻ ത്രിവർണ്ണപതാകതന്നാദ്യ 
നിറമായുയർന്നു പാരിൻ നെറുകയിലേറി,   
മിന്നിതിളങ്ങും വർണ്ണത്തിന്,ആംഗലേയർ  
"ഓറഞ്ചു"നിറമെന്നു പറയുന്നതു ,നമ്മൾ    
ചാരുശ്രീയാർന്ന കുങ്കുമമെന്നു ചൊൽവൂ ....

പുതുമഴയേറ്റുടൻ പൂത്തിടും കൊന്നയിൽ, 
കനകക്കൊലുസ്സുപോൽ കണികാണാൻ 
പാകത്തിൽ,വിരിയുന്ന കൊന്നതൻപൂക്കളും,
വിഷുക്കണി,യായോട്ടുരുളിയിൽ തെളിയും 
വിലയേറും സ്വർണ്ണവും മലയാളിക്കേറെ 
പ്രിയമേറിടും നിറമായ മഞ്ഞയല്ലേ?  

നിറങ്ങളേഴും വേണ്ടപോലൊത്തെന്നാൽ 
നെറിവിൻ നിറമായ തൂവെള്ളയായീടും . 
വെണ്മതൻ ശുഭ്രപതാകയുയർന്നെന്നാൽ      
വിശ്വമനശ്വരസ്വർഗ്ഗമായ് ത്തീരുമല്ലോ?  

ദൈവവും മനുഷ്യനും പണ്ടൊരിക്കൽ  
തമ്മിലുണ്ടാക്കിയിട്ടുണ്ടത്രെയൊരുടമ്പടി.
അതോർമ്മിപ്പിക്കുവാനല്ലോയിന്നുമിടയ്ക്കിടെ  
മാനത്തു വിരിയുന്നതിമനോഹരമാംമുഗ്ദ്ധ-
സങ്കല്പമായേഴുവർണങ്ങൾ തന്നിന്ദ്രധനുസ്സ് .  

പ്രകൃതിയേകിയോരേഴുനിറങ്ങളെമാറ്റിമറി-
ച്ചെഴുന്നൂറാക്കാൻ വൈഭവം കാട്ടും മർത്യർ.      
രക്തരൂഷിതമാം ചുവപ്പും,മരണദ്യോതകമാം - 
കറുപ്പും നമുക്കിഷ്ടവർണങ്ങളാക്കി മാറ്റി ,
ശാന്തിതൻ ശ്വേതനിറത്തെ, ചെന്നിണ
ത്താലഭിഷേകം ചെയ്തു നമ്മളശാന്തിതൻ 
കൊലക്കളമാക്കിയീ വിശ്വത്തെ മാറ്റീടുന്നു.     

നിറങ്ങളേ,നിങ്ങളെഴുപേർ ചേർന്നാലേ 
നിയതമായിടൂ ഞങ്ങൾക്കീജീവിതം. 
വർണ്ണങ്ങളും വർണ്ണഭേദവുമില്ലെങ്കിൽ  
നിർണ്ണയം ഭൂമിയൊരൂഷരമാം ഗ്രഹം 

Thursday, May 23, 2013

ഓർമ്മച്ചെപ്പ്‌

ഒരുവർഷംകൂടി കടന്നുപോയീടുമ്പോൾ 
നെടുവീര്‍പ്പുയരുന്നിതെന്‍മനസ്സില്‍
ചിരകാലമായുള്ളപ്രണയപ്രതീക്ഷകൾ
മധുരമനോജ്ഞമെൻപൂവാടിയില്‍
വിരിയുന്നതും കാത്തുദ്വേഗമോടെ,ഞാൻ
കഴിയുകയാണിന്നുമക്ഷമനായ് ...

കൈമോശംവന്നെന്നു,ഞാൻ പണ്ട് കരുതിയ,
മധുരമാമോർമ്മതൻ ചെപ്പുതേടി , 
ചെപ്പുകിലുക്കീടുമാചങ്ങാതി വന്നിട്ടോ
ചെപ്പടിവിദ്യകൾ കാട്ടീടുന്നു...

മധുരാനുഭൂതിതൻനിർവൃതിയീണമാ-
യെന്മനസ്സിന്റെയോടക്കുഴലിലൂടെ ,
പ്രിയകരമായൊരു,യമുനയായൊഴുകി, നാം  
പ്രിയമേറും രാഗഹംസങ്ങളായ് ..

മുഗ്ദ്ധാനുരാഗക്കുളിർമഞ്ഞിൽമുങ്ങി, നീ
മധുമാസചന്ദ്രികയായി നിൽപ്പൂ... 
നിന്മന്ദഹാസമുതിർത്തിടുംശോഭയാൽ
നിറയുമെന്മനമോ,സരോവരമായ് ...
ആമ്പലമൊട്ടുകൾ പോലതിൽ പൊന്തിയോ
മാമകഹൃത്തിലെ രാഗഭാവം?

പൊന്നോണത്തുമ്പിയായ് നീ വരൂ,
പൂക്കളിൽക്കിന്നാരമുത്തങ്ങളേകിടാനായ് ...
ശംഖിൽ നിന്നിറ്റിറ്റുവീഴുന്ന തീർത്ഥം പോൽ -
ശങ്കയെന്യേ നിനക്കാസ്വദിക്കാം..
അർഘ്യംപോൽ പരിശുദ്ധമാകുമെൻ സ്നേഹം  
അമലേ,നീയറിയുവാൻ വൈകിയല്ലോ ?

മണിയൊച്ച,മെല്ലേ മുഴങ്ങി മൊബൈലതിൽ  
കിളിശബ്ദത്തോടതു കൂകിയല്ലോ?  
**"ഉണരാൻ സമയമായ്, ഉണരൂ വേഗം നീ
ഇനിയും അമാന്തിച്ചാൽ സമയംവൈകും "

ഒരു നല്ല സുഖനിദ്രയിന്നെനിക്കേകിയോ?
മധുരം കിനിയും നിൻമൃദുസാമീപ്യം.
ഓർമ്മകൾനല്കിയ ചിറകിൽ പറന്നു ഞാൻ
ഓമനേ,നിന്നടുത്തായിരുന്നോ ?

(**wake-up alarm call of mobile phone)



Saturday, May 18, 2013

പ്രണാമം

                    

 
             പ്രണാമം
"ദു:ഖത്തിൻ ശിശിരത്തെയതിജീവിച്ചാലല്ലേ?
ഹർഷത്തിൻ വസന്തത്തെയെതിരേറ്റിടാനാവൂ"
"പടിഞ്ഞാറൻകാറ്റിൻ"പരാക്രമഭാവംകണ്ടു  
ഷെല്ലിയാ,മഹാകവിചൊല്ലിയൊരീവാക്കുകൾ,
സാന്ത്വനമേകുമൊപ്പം,പുതിയ പ്രതീക്ഷതൻ
പൂത്തിരി കത്തിച്ചിടും മാനവ ഹൃദയത്തിൽ !

"കേട്ടാസ്വദിച്ചവയൊക്കെ,മധുരമെന്നാകിലും 
കേൾക്കാത്ത പാട്ടുകൾ അതിലും ഹൃദ്യമല്ലോ?"
വാനമ്പാടിതൻ മധുവൂറിടും ഗാനം കേൾക്കെ,
യുവകവി ജോണ്‍ കീറ്റ്സിൻ തൂലികയുതിർ-
ത്തൊരു,മധുരംകിനിയുമീവാക്കുകൾ മറക്കാമോ ?

സ്വച്ഛ സുന്ദരമാകുമേകാന്തതയേപ്പുല്കി  ,
തരളിതവികാരങ്ങൾ താലോലിച്ചുളവാകും 
കവിതരചിക്കുവാൻ പ്രേരകമായോരാ, 
സുവർണ്ണസുമങ്ങളെയനശ്വരമാക്കി,   
"ഡാഫോടിൽസ്" പൂക്കൾക്കൊരു 
കീർത്തനം രചിച്ചന്നു പ്രകൃതി ഗായകൻ 
വില്ല്യംവേർഡ്സ്‌ വർത്താം കവി ശ്രേഷ്ടൻ .

"ഈ ലോകം വലിയൊരു നാടകശാലയെന്നും
നാമൊക്കെയതിങ്കലെ വേഷക്കാർ മാത്രമെന്നും"
ചൊല്ലിയ മഹാകവി വില്ല്യംഷേക് സ്പീയർ,വീണ്ടും
ചൊല്ലി,"ജീവിതമെന്നതൊരു വിഡ്ഢിതൻ കഥയത്രെ!
അർത്ഥശൂന്യമാമൊരു സങ്കല്പഘോഷയാത്ര!."
ജീവിതഗന്ധിയാം കഥാപാത്രങ്ങൾക്കുയിരേകി  
ജീവിതത്തിന്റെയർത്ഥവ്യാപ്തിയെക്കുറിച്ചുള്ള 
ഗഹനമാം ചിന്തകൾനിറഞ്ഞു കവിഞ്ഞീടും  
മഹനീയമാകും  കലാസൃഷ്ടികളാലദ്ദേഹം 
മനുജകുലത്തിന്നിഷ്ടമേറിയ കവീന്ദ്രനായ്‌..    
  
"സ്നേഹമാണഖിലസാരമൂഴിയിലെന്നും
സ്നേഹംതാനീജഗത്തിൻ ശക്തിയെന്നും
ഘോഷിച്ച,മഹാശയനാശാൻതൻ സ്നേഹ-
ഗീതികൾ മറക്കുവാൻ നമുക്കു കഴിയുമോ?

"പ്രേമസംഗീത"മെന്ന തൻകാവ്യതല്ലജത്തിൽ ,
മതമൊന്നു,മതിയാകുമീയുലകിന്നുയിരേകുവാ- 
നതുപ്രേമമല്ലാതെ,മറ്റൊന്നുമേയല്ലെന്നുറക്കെ- 
യുദ്ഘോഷിച്ചോരുജ്ജ്വലശബ്ദം കേൾക്കാൻ "
ഉള്ളൂർ നാമ,സാഹിത്യവിശാരദൻ പരമേശ്വരൻ 
തന്റെ കൃതിയിലല്ലാതെ,നാമെവിടെപ്പരതുവാൻ? 

മലയാളമേ,നിന്റെ ശീലുകളേകും,മധുകിനിയും
ലയമേതന്യഭാഷയ്ക്കാണുള്ളതെന്നാരാഞ്ഞൊരു 
പ്രിയകവിവള്ളത്തോളേകിടുമഭിമാനത്താൽ 
സിരകൾ ത്രസിക്കാത്ത മലയാളികളുണ്ടോ?

പ്രണാമം! വരേണ്യരേ ,പ്രിയരാം കവികളെ 
മാനവസംസ്കൃതിയന്യൂനം നിലനിർത്താൻ 
മാർഗ്ഗനിർദ്ദേശമേകും വഴികാട്ടികൾ നിങ്ങൾ
മഹാരഥൻമാരെ,നിങ്ങൾക്കായിരം പ്രണാമങ്ങൾ!

Wednesday, May 15, 2013

പൂച്ചസന്യാസി






പൂവാലൻ പൂവൻകോഴി 
പുരപ്പുറത്തോടിക്കേറി,
ദിക്കുകൾ കേൾക്കുമാറു-  
ച്ചത്തിൽ കൂകിവിളിച്ചു,  
"പൂച്ചസന്യാസിക്കള്ളൻ  
സന്യാസം വെടിഞ്ഞത്രേ!
അച്ചാരം കൊടുത്തല്ലോ  
പെണ്ണാലോചിക്കാൻ".

അച്ചാരം വാങ്ങിച്ചവൻ  
മച്ചാനാം  മരപ്പട്ടി 
മൂന്നാന്റെ വേഷംകെട്ടി
പൂച്ചക്കൊരുപെണ്ണുംതേടി,
നാടാകെയലഞ്ഞു നടന്നു .   
മരങ്ങളിൽച്ചാടി,ചാടി 
നടന്നൊരു നാളിലവൻ 
മൂപ്പനാം മൂത്തകുരങ്ങിൻ  
ചങ്ങാത്തം കൂടിയല്ലോ? 
കുരങ്ങച്ചൻ ചൂണ്ടിക്കാട്ടി
മലയണ്ണാൻ തന്നുടെ മോള്   
പൂവാലിയണ്ണി പെണ്ണ് 
സുന്ദരൻ മാരനുവേണ്ടി 
മോഹിച്ചങ്ങിരിപ്പല്ലോ ?

മൂന്നാനും മൂത്തകുരങ്ങും 
കാടനാം പൂച്ചയുമൊത്തു  
മൂന്നാളും കൂടിയൊരിക്കൽ 
പെണ്ണിന്റെ വീട്ടിൽ ചെന്നു   .
പെണ്ണുകണ്ടിഷ്ടമായി.
പെണ്ണിനും ബോധിച്ചല്ലോ.   
സ്ത്രീധനം തീർച്ചയാക്കി,  
കല്യാണമുറപ്പിച്ചു.  

ജാതകമൊത്തുനോക്കി,
പൊരുത്തങ്ങളൊപ്പിച്ചീടാൻ 
ജ്യോതിഷ പണ്ഡിതനാം,
കുറുക്കന്റെ പക്കൽ ചെന്നു..
കൌശലക്കാരിൽ കേമൻ  
നമ്മുടെ കുറുക്കച്ചാരോ   
കമ്പ്യുട്ടർ ജ്യോതിഷിയത്രെ,
കിറുകൃത്യം പറയുംകാര്യം, 
നെല്ലിടമാറുകയില്ല.

കൈകൂപ്പി,കണ്ണുമടച്ചിട്ടൊളി- 
കണ്ണാൽ നോക്കികൊണ്ട്‌ ,
കുറുക്കച്ചൻ മെല്ലെ ചൊല്ലി,  
"പത്തിനുപത്തുപൊരു-
ത്തമച്ചട്ടാണീക്കല്യാണം".
കൈ നീട്ടി ദക്ഷിണയായി, 
കൈനിറയെ പണവുംവാങ്ങി. 

കല്യാണം പൊടിപൂരമായ്  ,
സദ്യയുംകെങ്കേമമായി.
കല്യാണപ്പിറ്റേന്നാളിൽ ,
മധുവിധുവാഘോഷിക്കാൻ 
ചെറുക്കന്നും പെണ്ണുംകൂടി
കാടിന്റെയുള്ളിലുള്ള, 
"റിസോർട്ടിൽ" തമ്പടിച്ചു.

മധുവിധു "സ്പോണ്സർ" 
ചെയ്ത കരടിയും കൂട്ടുകാരും. 
വിരുന്നുകാരായവരെത്തി 
തേൻപോലെ മദ്യമൊഴുകി.
തീന്മേശ നിറയെതീറ്റ 
തട്ടു പൊളിപ്പൻ പാട്ടും 
മുട്ടിയുരുമ്മും ഡാൻസും 
നൃത്തച്ചുവടുകൾ തെറ്റി 
നേരമിരുണ്ടുവെളുത്തു.

പൂവാലിയണ്ണിപെണ്ണിൻ 
പൂമേനി തിന്നു മദിച്ചവർ   
കരടിയും കാടന്മാരും
പൂപോലെ പിച്ചിച്ചീന്തി- 
യവളുടെ പൂവൽ മേനി. 

കാടാകെ വാർത്ത‍ പരന്നു. 
"ഹൂങ്കാര" ശബ്ദത്തോടെ, 
തേനീച്ചക്കൂട്ടമിളകി 
കരടിയും കാടന്മാരും 
ഗുഹയിൽ പോയൊളിച്ചല്ലോ? 
(ടീ.വീ.ക്കാരോടിയെത്തീ 
ചാനലിൽ വാർത്തകൾ മിന്നി.) 

പുതുപുത്തൻനോട്ടിൻകെട്ടും  
മാറാപ്പിൽ പേറിക്കൊണ്ടു,   
സന്യാസിവേഷം പൂണ്ടു, 
പണ്ടത്തെ കള്ളപ്പൂച്ച,
മറ്റൊരു നാട്ടിൽ ചെന്നു. 
പുതിയോരിരയേ കാത്തു   
പൂച്ചസന്യാസിയായി. 
ധ്യാനത്തിൽ മുഴുകിയിരിപ്പൂ ..

Thursday, May 9, 2013

പഞ്ചവർണ്ണക്കിളികൾ






തത്തി,തത്തി,
വരുന്നല്ലോ
മൂത്താശാരി 
മരംകൊത്തി.
കൊത്തി,കൊത്തി,
നോക്കുന്നു,
മൂത്തമരം തേടുന്നു 
നാട്ടിലൊക്കെയലയുന്നു.

കൊത്തി,ചെത്തി,ചെത്തി,
കൊത്തിയവൻതീർത്തു   
മെല്ലെ,മെല്ലെയഴകോലും    
നല്ല രൂപമാർന്ന വീട്‌.

തത്തമ്മകിളിപ്പെണ്ണിന്നാവീട് 
ഷ്ടമാണെന്നോതിയപ്പോൾ      
തുഷ്ടമോദം തന്നെയവൻ  
ഇഷ്ടദാനം കൊടുത്തല്ലോ,
കഷ്ടപ്പെട്ടു താൻപണിത 
തന്റെ നല്ല കൊച്ചു വീട്.  

ചെല്ലക്കിളി,തത്തക്കിളി 
മൊഞ്ചത്തിയാം കിളിപ്പെണ്ണ് .
ഒറ്റയ്കൊരു കൂട്ടിലവൾ 
എത്തറനാൾ കഴിഞ്ഞീടും?

കൊഞ്ചുംകിളി,
തത്തക്കിളി  
കൂട്ടിലിരുന്നീണമോടെ, 
പാട്ടു പാടി,
കൂട്ടു തേടി.  
പാട്ടിന്നെതിർപാട്ടും 
പാടി  
തഞ്ചത്തിൽ വന്നെത്തിനോക്കി 
പഞ്ചവർണക്കിളിയുമെത്തി.

പഞ്ചവർണ്ണക്കിളിമക്കൾ   
കൊഞ്ചിക്കുഴഞ്ഞവർ 
രണ്ടും  
ഇണങ്ങിയുമിടക്കിടെ,
പിണങ്ങിയും 
ചിണുങ്ങിയും, 
ചിലനേരം, 
കുറുകിയും 
ചിതമോടെ ഒരു കൂട്ടിൽ 
ചിരകാലമിഷ്ടത്തോടെ  
കഴിഞ്ഞുവല്ലോ? 

ജന്മജന്മാന്തരങ്ങളായി 
നന്മയൂറും തേന്മൊഴികൾ 
പഞ്ചവർണ്ണകിളിമക്കൾ 
നീട്ടി,നീട്ടിപ്പാടുന്നല്ലോ?  



തെറ്റ്


തെറ്റുചെയ്യുവതു മനുഷ്യസഹജമെങ്കിലും  
തെറ്റു ചെയ്യാതിരിക്കാൻ ശ്രമിക്ക, നാം  

ഓർക്കുക, കൂട്ടുകാർ ചിലരൊക്കെ,  
തെറ്റിന്നീറ്റില്ലമൊരുക്കുവോർ  
കൂട്ടുകാരിയാം "ഹവ്വ"നല്കിയ   
പ്രേമപൂർവമാം പ്രേരണയാൽ   
കല്പന തെറ്റിക്കുവാൻ 
ആദവും തുനിഞ്ഞില്ലേ?  
ആദ്യത്തേ തെറ്റായതിന്നും 
ചരിത്രമുദ്ഘോഷിക്കുന്നൂ . 

തെറ്റ് ചെയ്താലതു 
തെറ്റാണെന്നറിയേണം.
തെറ്റിനെ തിരുത്തുവാൻ 
ആർജ്ജവം കാട്ടിടേണം. 
തെറ്റുംശരിയും തമ്മിൽ 
വേർതിരിച്ചറിഞ്ഞീടാൻ    
ത്രാണിയുണ്ടാകണം,
ജ്ഞാനമാർജ്ജിക്കണം. 

തെറ്റിനെ തെറ്റുകൊണ്ടു 
മറയ്ക്കാൻ ശ്രമിക്കല്ലേ,  
ഇരുട്ടുകൊണ്ട്, "ഓട്ട"
അടയ്ക്കാൻ കഴിയുമോ  ?
തെറ്റുകളാവർത്തിച്ചു 
ചെയ്യാതിരിക്കാൻ    
പ്രതിജ്ഞയെടുക്കണം 
തെറ്റിക്കാതെ,തന്നെയാ  
പ്രതിജ്ഞപാലിക്കേണം.

മന:ശക്തിയുണ്ടാകണം, 
മനനം ചെയ്യണം 
മനനം ചെയ്യുന്നവൻ 
മനീഷിയാണത്രേ    
മനീഷിയും വെറുമൊരു  
മനുഷ്യനാണല്ലോ?
മനുഷ്യനായാലവൻ 
തെറ്റുകൾ ചെയ്കയില്ലേ?.    

തെറ്റുചെയ്യുവതു മനുഷ്യ-
സഹജമാണെങ്കിലും   
തെറ്റുകൾ വീണ്ടും 
ആവർത്തിക്കാതിരിക്കാൻ 
കഴിയണം . 

Wednesday, May 8, 2013

ചേലെഴും ചകോരം











പാലമരക്കൊമ്പിലിരിക്കും 
ചേലാർന്നോരെൻപ്രിയ
ചകോരമേ,

തീപാറും നിൻ മിഴികളില്‍ 
തിരയിട്ടു നില്പതെന്തേ?

തീവ്രമാം ദുഃഖമേകും 
തീഷ്ണമാമേതോ
ഭാവമാണെന്നുതന്നെ   
ഞാനിന്നു ധരിക്കട്ടെ! 

ഇണയെ കാണാതെ,നീ
വിരഹ ദുഃഖം പേറി
ഏകാന്തതയുടെ      
കാതരഭാവമാർന്നോ ?

അത്യന്തഖിന്നയായ് നീ
ഇമ വെട്ടാതെയെങ്ങൊ
നോക്കുവതാരെയാണോ ?
നോക്കുവതെന്നെയാണോ? 

കാലുഷ്യമാർന്ന നിന്റെ  
നയന ദ്വയങ്ങളിൽ
കാണ്മൂ ഞാൻ,
കോപിഷ്ടനാം,മാമുനി
ദുർവാസാവിൻ
ശാപമോതുന്നഭാവം.

അരുതേ,ശപിക്കല്ലേ?
പക്ഷി,നീ ശപിച്ചെന്നാൽ
അക്ഷികൾ നഷ്ടമായി
ശിഷ്ടജീവിതം ഞങ്ങൾ  
കഷ്ടമീയിരുട്ടിൽ താൻ 
കഴിയാൻ ഗതിവരും.