Friday, April 12, 2013

വിഷുക്കൈനേട്ടം






കോയിക്കലെ കണിക്കൊന്നപൂത്തു

വേലിക്കലേക്കതു ചാഞ്ഞുനിന്നൂ..   

പൂത്തോരെൻ കൗമാര മോഹങ്ങളും 

പൂത്തുലാവുന്നൊരാ,പൂവ് തേടി..   

വിഷുവല്ലേ ? കൈനീട്ടം പങ്കിടാനായ്

വേലിക്കരികിലേക്കോടിയെത്തി..   

ചേലൊത്ത ചുംബന കൈനീട്ടങ്ങൾ 

ചേലോടെയന്നു ഞാൻ നല്കി,വാങ്ങീ..

Friday, April 5, 2013

സംഭവാമി യുഗേ യുഗേ






അഗ്രജന്‍ യുധിഷ്ടിരന്‍,
ധർമിഷ്ടന്‍, നൃപശ്രേഷ്ടനാം.
മാരുതിപുത്രന്‍ ഭീമസേനനാം
ദ്വിതീയന്‍,ക്ഷിപ്രകോപിയാം.
കുന്തി തന്‍ തൃതീയ സന്തതി,
അര്‍ജ്ജുനന്നസ്ത്രവിശാരദന്‍.
നലമിയന്ന ധീരയോദ്ധാക്കള്‍
നകുല,സഹദേവാദികള്‍.
അഞ്ചു പേരവരൊത്തെന്നാല്‍
വെല്ലുവാനാര്‍ക്ക് സാധിക്കും?
പാര്‍ത്ഥസാരഥി കൃഷ്ണനും
പാണ്ഡവര്‍ക്കൊപ്പമാണല്ലോ,
പാര്‍ത്തലത്തിലവരജയ്യരാം
നേരിടാനെളുതാകുമോ ?

ഭിക്ഷ കിട്ടിയ"വഹ"യൊക്കെ 
തുല്യമായ് തന്നെ പങ്കിടാന്‍,
കുന്തിയേകിയ കല്‍പന,
നിശ്ചയം, നിറവേറ്റിടാന്‍,
പഞ്ചപാണ്ടവരവര്‍ക്കൊപ്പം
പാഞ്ചാലീനാമ ദ്രൗപതി,
ധര്‍മപത്നിയായ് തീര്‍ന്നല്ലോ?  

കുലദ്രോഹികള്‍ കൗരവര്‍
കുലത്തിന്‍പത്നി കൃഷ്ണയെ,
കേവലം പണയവസ്തുവായ്‌
നേടീ കള്ള ചൂതിനാല്‍....

ദുഷ്ടര്‍, ദുശ്ശാസനന്മാരാല്‍
വിവസ്ത്രിതയായൊരു
കൃഷ്ണയെപ്പോല്‍ കേഴുന്ന 
ഭാരതാംബയെ രക്ഷിക്കാന്‍
അഭിമാനം കാത്തീടാന്‍,
അണയുവാനിനിയും നീ
അനിരുദ്ധാ,വൈകല്ലെ ?

കുരുക്ഷേത്ര രണാങ്കണെ,
കുടിലത നിറഞ്ഞോരാ,
കൌരവരെ നശിപ്പിക്കാന്‍
കൌന്തേയര്‍,ധര്മിഷ്ടര്‍തന്‍
തുണയേകാന്‍ പണ്ടു നീ
അവതാരം ചെയ്തപോല്‍
ഇനിയൊട്ടും വൈകാതെ
കൃഷ്ണാ,നീ,വരൂ,വേഗം .

സത്യ,ധര്‍മശാസ്ത്രങ്ങള്‍
മിഥ്യയായ് തീര്‍ന്നു ഞങ്ങള്‍ക്ക്,
ധര്‍മ പാലകന്‍ വിഷ്ണുവിന്‍ 
കര്‍മസാക്ഷി നീ കാര്‍വര്‍ണ്ണാ
പണ്ടു നീ  ഞങ്ങള്‍ക്കായ്..
തന്ന വാക്കു മറക്കാമോ?
"ധര്‍മസംസ്ഥാപനാര്‍ത്ഥം
പാര്‍ത്തലത്തില്‍ യഥാകാലേ
വിഷ്ണുവിന്നവതാരമായ്  
സംഭവാമി യുഗേ,യുഗേ.".

കുട്ടികൊമ്പനും കുറുമ്പനുറുമ്പും

കുട്ടികൊമ്പനും കുറുമ്പനുറുമ്പും

Photo: കറുപ്പിന്‍റെ അഴക്ക്....പാമ്പാടി രാജന്‍♥


More Pictures & Videos Just Like This Page
LIKE ••►now> Kaanchi Malayalam Movie
LIKE ••►now> വ്യത്യസ്തമായ ഒരു പേജു
LIKE••► now> Thrissurtoday
LIKE••► now> Waytonikah.com - Muslim Matrimonial





വമ്പെഴും കുട്ടിക്കുറുമ്പനാനേം, 
കുറുമ്പേറും കറുമ്പനാകട്ടുറുമ്പും,
ഒരുനാളാകാട്ടിലൊരിക്കലന്നു, 
പലനാളു കൂടിയവർ കണ്ടുമുട്ടി.
കുറുമ്പനുറുമ്പ്‌ പറഞ്ഞു മെല്ലെ,
"ചങ്ങാതിയാനേ, വമ്പനാനേ,
എന്നെ നീയൊന്നു പുറത്തേറ്റുമോ?."
അത് കേട്ടരിശംപൂണ്ടാന ചൊല്ലി, 
"ഹമ്പട, ഉറുമ്പേ,എന്തൊരു പൂതി!
ചിലമ്പാതെ നീയൊന്നു വഴി മാറിനില്ല്." 
ഉറുമ്പൊന്നു കെഞ്ചി,"സുന്ദരനാനേ,
തുമ്പിയിലേറ്റി,ചങ്ങാതിയെന്നെ 
നിൻ പുറത്തേക്കൊന്നിരുത്തിടാമോ?" 
ആന മൊഴിഞ്ഞു,"നീവെറും പ്രാണി
പ്രാണികളാനയ്ക്ക് ചങ്ങാതിയെന്നോ? 
പ്രാണനുമായി നീ പോയാട്ടെ, ദൂരെ."
കുറുമ്പനുറുമ്പ്‌,കൊമ്പനോടോതി, 
"ചങ്ങാതിയാനേ,വീരസ്യം കളയൂ, 
ഞാൻ വെറുമൊരു പ്രാണിയാകട്ടെ, 
ഞാൻ നിനച്ചെന്നാലീ നിന്നെപ്പോലും 
കൊമ്പുകുത്തിക്കാനെനിക്കാകുമല്ലോ? 
വാക്കിനെതിർ വാക്കുചൊല്ലിയവർക്കന്നു 
നാക്കും പിഴച്ചല്ലോ,വക്കാണമേറി. 
(ഓർക്കുക ,കൂർത്തോരമ്പുപോലുള്ള 
വാക്കുകളൊരിക്കലുരിയാടിയാല്പി-
ന്നീടൊരിക്കലും നമുക്കതു വീണ്ടും 
തിരിച്ചെടുക്കുവാനാവതില്ലല്ലോ? )

പിന്നീടൊരിക്കലാവഴിതന്നെ വന്നു, 
വിശന്നുവലഞ്ഞോരാ,കൊമ്പനാന. 
തളിരില തിങ്ങും മരമൊന്നു കണ്ടു 
തളിരിളംചില്ലയൊടിച്ചു,ചുരുട്ടി 
തുമ്പിയിലേറ്റി,തിന്നാൻ തുടങ്ങി. 
തുമ്പിക്കരം തന്നുള്ളിലേക്കന്നാ- 
കുറുമ്പനുറുമ്പും പതിയെ കരേറി ? . 

കുഞ്ഞനുറുമ്പിൻ കടിയേറ്റവനാ 
കുട്ടികുറുമ്പനോ,സമനില തെറ്റി. 
വാലുംചുരുട്ടിക്കൊമ്പും കുലുക്കി 
വിറളിപിടിച്ചവൻ പാഞ്ഞുനടന്നു 
ആനക്ക് ഭ്രാന്തായെന്നാർത്തുവിളി-
ച്ചാനാട്ടുകാരാകെ ചുറ്റിലും കൂടി. 
മയക്കു വെടിവെക്കാൻ,കല്പനയായി 
വെടിയേറ്റോരാനയോ,കൊമ്പുകുത്തി. 
തുമ്പിക്കരം തന്നുള്ളിലിരുന്നപ്പോളമ്പേ-
യാക്കുഞ്ഞനുറുമ്പു കുലുങ്ങിച്ചിരിച്ചു!

Wednesday, April 3, 2013

ഒരാനയുടെ ആത്മഗതം




Indian_elephant : Pink elephant isolated












അമ്മയെന്നോതുന്നിതാദ്യമായ് പൈതങ്ങൾ,
പിന്നീടിതെൻ നാമം ചൊല്ലുന്നു ഭംഗിയായ്‌,
പുസ്തകത്താളിലേ,യക്ഷരമാലയ്ക്ക്,
ചിത്രമായ്‌ത്തീർന്നിടും,വൻ,കരിവീരൻ, ഞാൻ.
മസ്തകം തന്നിൽ തിടമ്പേറ്റുവോനിവൻ,
നിത്യവും കുട്ടികൾക്കത്ഭുതമായവൻ,

കാടിന്റെയോമനമക്കളീ ഞങ്ങൾ 
നാടിനെക്കാത്തിടും ദേവകൾ തന്നുടെ,
കോമളമാകും തിടമ്പുമായ് വീടുകൾ
തേടിനടക്കുന്നു നാട്ടുവഴിതോറും
ചുട്ടുപഴുത്തുരുകുന്ന വെയിലത്തും  
കത്തുമുടലും മനസുമായ് ഞങ്ങളോ, 
വർണ്ണക്കുടചൂടിഗംഭീര ഭാവത്തിൽ
തുമ്പിയുമാട്ടി,ക്ഷമയോടെനിന്നിടും.


പൂരപ്പറമ്പിലെ മേളക്കൊഴുപ്പിലും
ആലവട്ടങ്ങൾക്കൊപ്പം ചെവിയാട്ടി,
താലപ്പൊലിയേന്തി ക്ഷീണിച്ചവശരാം
ബാലികമാരവർക്കൊപ്പം നിസ്സംഗമാം
ഭാവത്തിലെത്രയോലക്ഷം ജനങ്ങൾക്കു
കൗതുകമേറ്റുന്ന കാഴ്ചയായ്മാറിടും.


തന്ത്രിമാർക്കുത്സവമേളം കൊഴുപ്പിക്കാൻ,
മന്ത്രിപ്രവരർക്കു മാല്യങ്ങളർപ്പിക്കാൻ,
സർക്കസുമേളയിലഭ്യാസിയായിടാൻ,
സർക്കാരിൻകീർത്തിമുദ്രയും ഞാനല്ലോ?
ഓർക്കുക,ഞങ്ങളീയാനകൾ ചെയ്തിടും
മർത്യനുപകാരമേറും പ്രവൃത്തികൾ.


ദേശാടനപക്ഷിക്കൂട്ടം വരുന്ന പോൽ,
ദേശാടനപ്പൂതിയേറി സുഖംതേടി,
ദേശ-ദേശാന്തരങ്ങളിൽ നിന്നുമീ,  
ദേശത്തിലെത്തുന്ന ശീമപ്പരിഷക-
ളമ്പാരിവച്ചെൻ മുതുകത്തുകേറി-
പ്പത്രാസുകാട്ടി ഞെളിഞ്ഞു ഗമിച്ചിടും.


കള്ളുമോന്തീടുവാൻ കാശിനു വേണ്ടിയാ-
ക്കള്ളപ്പരിഷകൾ, പാപ്പാന്മാരെപ്പോഴും
ആനവാൽ മോതിരമുണ്ടാക്കിടാനവർ
എണ്ണിപറിക്കുന്നെൻ വാലിലെ രോമങ്ങൾ


കാട്ടുകള്ളർക്കൊപ്പം ഫോറെസ്റ്റധികാരി-
യേമാന്മാർ കട്ടുകടത്തും തടിയൊക്കെ,
നാട്ടിലെത്തിക്കുവാൻ ഞങ്ങൾ വിടുപണി
ചെയ്യുന്നിതല്ലെങ്കിൽ ഞങ്ങളെയെമ്പാടും,
കൊല്ലാക്കൊല ചെയ്തു കഷ്ടപ്പെടുത്തിടാൻ, 
തെല്ലും മടിക്കില്ലീ കശ്മലർപാപ്പാന്മാർ.


കുട്ടിക്കുറുമ്പുമായ് ചിന്നം വിളിച്ചങ്ങു,
കാട്ടിലെമ്പാടും വിഹരിച്ചിടുന്നോരെ,
നാട്ടിലിടം കിട്ടാത്ത ദുഷ്ടരാം മാനുഷർ
കാട്ടിലെ രാജാക്കളായി ചമഞ്ഞെത്തി,
കേവലംരണ്ടിളം കൊമ്പുകൾക്കായവർ,
ക്രൂരമായെന്തിന്നു കൊല്ലുന്നു ഞങ്ങളെ ?


വംശനാശം വന്നു ഞങ്ങളോ കേവലം  
പുസ്തകത്താളിലൊതുങ്ങുന്ന ചിത്രമായ്‌
മാറിടും ദുർഗ്ഗതി വന്നുഭവിക്കാതെ, 
മാതംഗവംശത്തിൻ രക്ഷകനാം ഭവാൻ,  
ഉണ്ണിഗണപതീ,കാത്തു രക്ഷിക്ക നീ .. 

Saturday, March 16, 2013

ചിത്തിര പൈങ്കിളി പെണ്ണേ,





ചിത്തിരപൈങ്കിളിപെണ്ണേ,നീയെത്തില്ലേ? 
പൂത്തിരിപുഞ്ചിരിയോലും മനസ്സുമായ്
കാട്ടില്‍ മുഴങ്ങുന്ന കൂ..ഹൂ..വിളിയുമായ്
കാത്തിരിക്കുന്നൂ നിന്നമ്മക്കിളിയിന്നും  

*    *     *    *    *    *     *     *     *   *
"മഞ്ഞുകാലം മരം കോച്ചും തണുവുമായ്..
വന്നുചേര്‍ന്നല്ലോ, ഇളംചൂട് പകര്‍ന്നിടാം... 
എന്നരികില്‍നിന്നു പോവരുതെന്‍, പ്രിയേ
വന്നിരിക്കൂ,കൂട്ടിലൊന്നിച്ചിരുന്നിടാം...
മുട്ടിയുരുമ്മിയിരുന്നെന്നാലീകൂട്ടിലെ
യിത്തിരിചൂടു പകർന്നു ഞാൻ തന്നീടാം... 
കാട്ടിലെമ്പാടും കെണിയുമൊരുക്കിയാ- 
വേട്ടക്കാര്‍ തമ്പടിച്ചിട്ടുണ്ടെന്നറിയുക.  
രാക്ഷസമാനസര്‍ നിന്നെ പിടിച്ചെന്നാല്‍ 
രക്ഷിച്ചിടാനാര്‍ക്കുമാകില്ലെന്നോര്‍ക്കൂ.നീ ..
ശാഠ്യം വെടിഞ്ഞു നീയെൻകുഞ്ഞേയീകൂട്ടിൽ   
ശാന്തമായ് വന്നു ശയിക്കുക,പൈങ്കിളീ". 

ചിത്തിരപൈങ്കിളി, ചിങ്കാരി പൈങ്കിളി, 
ഇത്തിരി കോപമാര്‍ന്നിഥം മൊഴിഞ്ഞത്രേ, 
"നിസ്തുലമാകുമീ കാനനക്കാഴ്ചകൾ 
വിസ്തരിച്ചൊന്നു ഞാന്‍ കണ്ടുമടങ്ങിടാം"
മറുവാക്കുകേട്ടിടാന്‍ കാത്തിരിക്കാതവള്‍ 
വെറുതെയലഷ്യമായ്,മെല്ലെ,പറന്നുപോയ്‌

വന്നില്ല, നേരമിരുട്ടിവെളുത്തിട്ടും 
വര്‍ണക്കിളിക്കുഞ്ഞു,ചിത്തിര പൈങ്കിളി. 
കാനനച്ചോലതന്‍ തീരത്തു കണ്ടുവോ ?
കഴുകന്‍ ചവച്ചിട്ട കിളിതന്നിളം മേനി. 

കണ്ടവരുണ്ടോയെന്‍ ചിത്തിര മുത്തിനെ     
പൈങ്കിളിതന്നമ്മയിന്നും തിരയുന്നു. 
കണ്ടവരുണ്ടോയെന്‍,ചിത്തിര മുത്തിനെ     
പൈങ്കിളിതന്നമ്മയിന്നും കരയുന്നു.

കാട്ടിൽ മുഴങ്ങും കൂ.. ഹൂ... വിളിയുമായ്      
അമ്മക്കിളിയിന്നും തേങ്ങി പറക്കുന്നു.
തെല്ലിട കാതോർത്ത് നിന്നാൽ കേട്ടിടാം 
അല്ലലാർന്നോരാ കിളിയുടെ രോദനം....

Friday, March 15, 2013

അനുരാഗ പൂര്‍ണിമ

തിരുവാതിര നോമ്പും നോറ്റു,
ധനുമാസ കുളിരില്‍ മുങ്ങി,
തനുവാകെ നനഞ്ഞുവരുന്നോ -
രനുരാഗ ചന്ദ്രികപോലെ-
ന്നകതാരില്‍ മിന്നിവിളങ്ങാ- 
നനുരാഗപൂര്‍ണിമയായി,
വരൂ ,നീയെന്‍ പ്രിയകാമിനി, 
മൃദുഭാഷിണി, മഞ്ജുള ഗാത്രി. 

ഒരു നല്ല ഗാനം പാടാന്‍ 
വരൂ,നീയെന്‍ ചേതന തന്നില്‍,  
നിറദീപം പോലെന്‍ ഹൃത്തില്‍ 
നിറയട്ടെ നിന്റെ പ്രകാശം. 
അനുരാഗപൂര്‍ണിമയായി, 
അചിരേണ വന്നെന്‍ മനസ്സില്‍,
കമനീയ ശലഭങ്ങള്‍ പോല്‍ നീ .... 
കവിതകളായ്  നര്‍ത്തനമാടൂ...   

നോക്കിന്‍ കടാക്ഷമലരായ്,നീ 
പൂക്കൂ, മമഭാവന തന്നില്‍ 
നറുമലരിന്‍ നവമുകുളത്താല്‍ 
നിറയുകയായ് മാനസവാടി.
വാക്കിന്‍ പ്രവാഹമായ്,നീ  
ഒഴുകെട്ടെന്‍ തൂലികതന്നില്‍.
വരൂ ,നീയെന്‍ പ്രിയകാമിനി, 
മൃദുഭാഷിണി, മഞ്ജുള ഗാത്രി.

Saturday, March 9, 2013

മാനത്തെ പൂരാഘോഷം



വടക്കും നാഥന്റെയങ്കണം തന്നില്‍ 
പൂരത്തിനാനകളണിയായിനിന്നൂ... 
കണ്ടാലും തൃശൂർ പൂര മാഹാത്മ്യം 
കാഴ്ചയിതെത്ര മനോഹര,മോർക്കൂ... 

കാര്‍മുകിലാനകള്‍ വാനില്‍ നിരന്നൂ.. 
മാനമൊരുപൂരപ്പറമ്പിന്റെ ചേലില്‍... . 
തിടമ്പേറ്റിനില്‍ക്കും ഗജവീരനെപ്പോല്‍ 
കാര്‍മുകില്‍മേലേറി,പാര്‍വണചന്ദ്രന്‍ 
വെള്ളിനക്ഷത്രക്കുരുന്നുകള്‍ നീളെ,
വെഞ്ചാമരം വീശി മിന്നിത്തിളങ്ങി.

പുതുമഴയേറ്റു തളിര്‍ ചൂടി നില്‍ക്കും 
ഇലഞ്ഞി മരക്കൊമ്പു കുമ്പിട്ടുനിന്നൂ.. 
താലപ്പൊലിയുമായ്‌ തരുണീമണികള്‍ 
നാണത്താൽകൂമ്പി നില്പതുപോലെ.. 

വര്‍ണ്ണക്കുടമാറ്റ സൂചന നല്കാൻ ,
സന്ധ്യക്ക്‌മുൻപേ മഴവില്ലുയര്‍ന്നൂ.. 
മാകന്ദശാഖികള്‍ മലര്‍മൊട്ടുചൂടി 
മാനത്തുപൂക്കുട വിരിയിച്ചുനില്പൂ 

ഇലഞ്ഞിത്തറമേള നാന്ദികുറിച്ചൂ 
മാനത്തു ദുന്ദുഭീഘോഷം തുടങ്ങീ .
മിന്നല്‍പിണരുകള്‍ മാനത്തുമിന്നി 
പൂരവെടിക്കെട്ട്‌ നേരത്തെയായോ?

വടക്കുംനാഥന്റെ തിരുമുറ്റംതന്നില്‍ 
പൂരത്തിനാനനിരന്നു വരുമ്പോല്‍ 
കാര്‍മുകില്‍ മെല്ലെ നിരക്കുന്നു വാനില്‍ 
മാനമൊരുപൂരപ്പറമ്പിന്റെ ചേലിൽ . 
കണ്ടാലും തൃശൂർപൂര മാഹാത്മ്യം 
കാഴ്ചയിതെത്ര മനോഹര,മോർക്കൂ...