Tuesday, January 8, 2013

വെറുതേ







ഒരിക്കല്‍, ഒരു സുപ്രഭാതത്തില്‍  
അനന്തമാം വിഹായസിലേക്ക് 
നിരങ്കുശ സ്വതന്ത്രയായി,
ഏകയായി, ചിറകുവീശി 
താഴെയുള്ള ലോകമെങ്ങു?    
താരകള്‍ക്കും മീതെയാണ്   
താനിതെന്നഹങ്കരിച്ചു, 
കൂട്ടം തെറ്റി,പറന്നകന്നു,
പറന്നുയര്‍ന്നു ഒരു താന്തോന്നി 
കുഞ്ഞുപക്ഷി.

ഉയരങ്ങളിലേക്കുയരും തോറും 
വര്‍ദ്ധിതമായ ആവേശം നല്‍കിയ   .
ശക്തി,സംഭരിച്ചു, അഭിമാന 
പുളകിതയായി,ഉറച്ച മനസ്സുമായി  
കൂടുതല്‍ കൂടുതല്‍ ഉയരത്തിലേക്ക് 
അവള്‍ ചിറകുവീശി പറന്നുയര്‍ന്നു.
എന്നാല്‍ അചിരേണ,  
കഠിനമായ സൂര്യാഘാതമേറ്റ് 
അവള്‍ തളരാന്‍ തുടങ്ങി. 


നേരമേറെ പറന്നു കഴിഞ്ഞപ്പോള്‍  
ഈ പറക്കല്‍ അവള്‍ക്കു മടുത്തു. 
ഏകാന്തതയെ അവള്‍ വെറുത്തു.
കൂട്ടിനായി തനിക്കു ചുറ്റും നോക്കി.
അവള്‍ അത്യുന്നതങ്ങളിലായിരുന്നു .
മറ്റുള്ളവര്‍ക്ക് എത്തിപ്പെടാന്‍ 
പറ്റാത്ത വിധം, വളരെ വളരെ 
ഉയരത്തില്‍... .


അവളുടെ ചിറകുകള്‍ തളര്‍ന്നു.
അവള്‍ താഴേക്കു നോക്കി. 
അവശയായ,ചിറകുകള്‍ കരിഞ്ഞ 
താന്‍ താഴേക്കു, കുഴഞ്ഞു വീണു 
പോകുമോയെന്ന്, ചകിതയായ 
ആ കിഷോരി ഭയന്നു വിറച്ചു.  


താഴെ, ഭീതിയുളവാക്കുന്നതും    
അഗാധവുമായ താഴ്വാര 
ഗര്‍ത്തങ്ങളിലേക്ക്‌ തല കുത്തനെ 
താന്‍ നിപതിക്കുമെന്നവള്‍ ഭയന്നു. 

താങ്ങാകാന്‍, തണലേകാന്‍  
ഒരു ചെറുചില്ലയെങ്കിലും 
കിട്ടിയിരുന്നെങ്കില്‍' 
കിട്ടിയിരുന്നെങ്കില്‍' 
ആ പക്ഷി വെറുതെ മോഹിച്ചു.   


ആ പക്ഷിയുടെ മോഹം 
വെറുതെയാകാതിരുന്നെങ്കില്‍   
വെറുതെയാകാതിരുന്നെങ്കില്‍ 
എന്ന് നമുക്കും 
വെറുതേ മോഹിക്കാം .  

Monday, January 7, 2013

കട്ടുറുമ്പിന്റെ ചങ്ങാതി






കൊച്ചു നാളിലന്നു സ്കൂളില്‍
ഞാൻ പോയ കാലം  
നിത്യവും കാണുമൊരപ്പൂപ്പന്‍,
മുഷിഞ്ഞ വസ്ത്രധാരി.

നരച്ച താടിയുഴി,ഞ്ഞവശനെ-
ന്നാകിലും ചിരിച്ചു കളിച്ചിടും,
കുട്ടികള്‍ക്കിഷ്ടക്കാരന്‍.
ചിലപ്പോൾ  കണ്ണടച്ചു
നിശ്ചലം, മരിച്ചപോൽ
കിടക്കുമീയപ്പൂപ്പൻ
ഞങ്ങളെ പേടിപ്പിക്കാൻ

കുട്ടികൾ ഞങ്ങൾ ചെന്നു
ചുറ്റിലും കൂടും നേരം
പെട്ടെന്ന് പൊട്ടിച്ചിരി-
ച്ചപ്പൂപ്പനുണർന്നീടും

"ഉറുമ്പുറുമ്പെന്നു  ചൊല്ലി
ചിരിച്ചു  കളിയ്ക്കുന്ന
കുരുന്നുപയ്യനാകും
അപ്പൂപ്പന്‍ പലപ്പോഴും.

"കട്ടുറുമ്പ് " എന്നു ഞങ്ങള്‍
വിളിപ്പേര്‍ നല്‍കീ തെല്ലും  
കുട്ടിത്തം മാറാത്തൊരാ- 
ചങ്ങാതിയപ്പൂപ്പന്.

ഒരുനാളപ്പൂപ്പനെ
കാണാതെ വിഷണ്ണരായ്‌
പരതിനടന്നല്ലോ,
കുട്ടികള്‍ പലദിക്കില്‍.

അവിടെ മരച്ചോട്ടില്‍
സുഖനിദ്രയിലാണ്ടു
ചുരുണ്ട് കിടക്കുന്നു
കട്ടുറുമ്പപ്പൂപ്പനും
.
"കട്ടുറുമ്പപ്പൂപ്പന്റെ "
മേനിയിലുടനീളം
കട്ടുറുമ്പരിക്കുന്നൂ
അപ്പൂപ്പൻ ചിരിക്കുന്നൂ .


(ഒക്ടോബർ ഒന്ന്‌ ലോകവയോജനദിനമായി ആചരിക്കുകയാണ്‌. 1982-ൽ വിയന്നയിൽ വച്ചുചേർന്ന ഐക്യ രാഷ്ട്ര സംഘടനയിലെ അംഗരാജ്യങ്ങളുടെ സമ്മേളനമാണ്‌ വയോജന പ്രശ്നങ്ങൾ സംബന്ധിച്ച വിയന്നാ പ്രഖ്യാപനം എന്ന രേഖ അംഗീകരിച്ചത്‌.)

അവിയല്‍ മാഹാത്മ്യം



മലയാളി കൂട്ടത്തിന്‍ 
സദ്യവട്ടം കൊഴുത്തീടാന്‍
അവിയലോരഭിവാജ്ജ്യ
ഘടകമല്ലോ? 
അവിയലില്ലാത്ത സദ്യ, 
ആനയില്ലാപൂരം പോലെ 
മലയാളികള്‍ക്കൊരുപോലെ, 
രസിക്കയില്ല.   
നല്ല രുചിയേകിടുന്നോരവിയൽ
ഉണ്ടാക്കുവാനും   
നന്മയുള്ള മലയാളി 
മങ്കമാരങ്ങറിയേണം. 

നലമെഴും നേന്ത്രക്കായും 
നീളമുള്ള മുരിങ്ങക്കയും,  
മൂത്ത നല്ല വെള്ളരിക്ക,
മൂപ്പില്ലാത്തോരച്ചിങ്ങയും 
ആനക്കാലന്‍ നല്ലചേന,
ചാരക്കാരന്‍ പടവലങ്ങ,
ചീനിയമരക്ക പിന്നെ, 
പുറനാട്ടുകാരന്‍ കിഴങ്ങും 
ജീവനേകും ജീരകവും,
പച്ചയായജീവിതത്തി-
ന്നെരിവും പുളിയുമേകാന്‍ 
പച്ചമുളകുംവേണം,
വാളന്‍പുളിയുംവേണം .      
വിഷമവും വിഷാംശവും
ഒരുപോലെ നീക്കീടുന്ന 
മഞ്ഞളെന്ന ദിവ്യമാം 
ചേരുവ വേണം. 
പാകമായ നാളികേരം 
ചിരകിയെടുത്തിടേണം.  
പാകത്തിനല്പസ്വല്പം  
ഉപ്പും ചേർക്കേണം 
കാര്യം നേടി കഴിയുമ്പോൾ
തഴഞ്ഞീടാന്‍ വിധിയുള്ള   
കറിവേപ്പില നല്കും 
രുചിയില്ലാകറിയുണ്ടോ ? 
ഉത്തരേന്ത്യന്‍ ലോബിയുടെ
ഇഷ്ടക്കാരി പാമോയിലിന്‍ 
ശത്രുവായി, ഭ്രഷ്ട് നേടി, 
പുറത്തായ വെളിച്ചെണ്ണ,  
പുളിയേറെയില്ലാത്ത
കട്ടതൈരും വേണം.    

കഴുകിയപച്ചക്കറി,
നീളത്തിലരിയേണം 
കുറച്ചു വെള്ളവും ചേര്‍ത്തു 
വേവിച്ചതിന്നോടൊപ്പം,
ചിരകിയ തേങ്ങ,മഞ്ഞള്‍,
പച്ചമുളകിവ,ചേര്‍ത്തു
നന്നായരച്ചരച്ചുപതം 
വന്നോരരരപ്പും വേണം.   

പച്ചക്കറിയുമരപ്പും 
പാകത്തിലുപ്പും ചേര്‍ത്തു
നല്ല മണം നല്‍കും കറി- 
വേപ്പിലയും ചേര്‍ത്തു,
വേഗം തിളക്കുവാനടുപ്പിലേറ്റൂ,
ചെറുതായി തിളച്ചു വരുമ്പോള്‍ 
തന്നെ വെളിച്ചെണ്ണ ചേര്‍ത്തു 
പിന്നെ അടുപ്പില്‍നിന്നുമതു 
മെല്ലെ വാങ്ങിവെക്കുക.  
രുചിച്ചു നോക്കൂ നിങ്ങള്‍ 
കൊതിയേറിമുഴുവനും 
കഴിച്ചു തീര്‍ത്തീടല്ലേ, 
അല്പമെനിക്കും വേണം.         

ചേരുവകളെല്ലാമെല്ലാം തന്നെ
ചേരുംപടി ചേര്‍ത്തുനല്ല  
പഴയരി ചോറിനൊപ്പം
അവിയലുംകൂട്ടിതന്നെ 
പ്രിയമായോരൂണ്  നൽകൂ
വഴക്കാളിയമ്മായിയേം, 
പതുക്കെ,പതുക്കെയങ്ങു 
വശത്താക്കീടാം, നമുക്കു 
വേണ്ട കാര്യം നേടീടാം .
     

Tuesday, January 1, 2013

പുതുവര്‍ഷ പ്രതിജ്ഞകള്‍


പുതു വര്ഷം പിറക്കുന്നു 
ശപഥം ഞാനെടുത്തീടും,
ഇനിമേലില്‍  ഒരു നാളും
പുകവലി ഇല്ലേയില്ല.
ഒരു ബീഡി, ചെറു ബീഡി
അതുപോലും തൊടില്ലല്ലോ  

പുകവലി വരുത്തീടും 
മാരക രോഗങ്ങള്‍. 
ഇനിയൊരു പുകപോലു-
മെടുക്കില്ല കട്ടായം.
തൊടില്ല, ഞാന്‍ കഴിക്കില്ല 
മദ്യമെന്ന വിഷം തെല്ലും .


പുതു വര്ഷം പിറക്കുന്നു
ശപഥം ഞാനെടുത്തീടും
ഇനിമേലില്‍  ഒരു നാളും

ലഹരി ഞാന്‍ തൊടില്ലല്ലോ? 

പുതു വര്‍ഷ പ്രതിജ്ഞകള്‍
പലവുരു ശ്രമിച്ചിട്ടും
കഴിഞ്ഞില്ല, കഴിയില്ല 

പാലിക്കാനെളുതാമോ ?.

പുതു വര്‍ഷ പിറവിയില്‍ 
പതിവായി ചിലരൊക്കെ   
പ്രതിജ്ഞകളെടുക്കുന്നു
ദൃഡമായിട്ടത്,പിന്നെ 
തകര്‍ക്കുന്നു സാഘോഷം.
ചരിത്രമിതാവര്‍ത്തിപ്പൂ .

തകര്‍ക്കുവാനല്ലെന്നാകില്‍
പ്രതിജ്ഞകള്‍ക്കെന്തു വില  
തകര്‍ത്താലല്ലേ വീണ്ടും 

പ്രതിജ്ഞയെടുക്കാനാവൂ.. 

Tuesday, December 25, 2012

ശവംതീനിപ്പക്ഷികള്‍

വരളുന്നിതെന്‍ചിന്താസരണി,യിന്നെന്‍
മനമൊരുനെരിപ്പോടു പോല്‍നീറിടുന്നു.
ഒരു ദിനം പോലും വാര്‍ത്തയില്ലാതില്ല,
നിറയുന്നു സത്രീപീഡന വാര്‍ത്തയെങ്ങും .


ജന്മം കൊടുത്തവന്‍പോലും,പിശാചിന്റെ  
ജന്മമെടുത്തു,താന്‍ ജന്മം കൊടുത്തൊരു
പിഞ്ചുകുഞ്ഞിനെ,കൂട്ടുചേര്‍ന്നു കൊത്തി 
വലിക്കുന്നു, ശവംതീനി പക്ഷിയെപ്പോൽ 

കൂടെ പഠിക്കും പെണ്‍കുട്ടിയെ പ്രേമിച്ചു
കാമപ്പേക്കൂത്ത് നടത്തി നശിപ്പിച്ചി -
ട്ടാത്മഹത്യക്കായ്തള്ളിവിടുമഭിനവ
റോമിയോമാരുടെയട്ടഹാസത്തിൻ 
പൊട്ടിചിരിയുമായ്, കാമ്പസ് പ്രണയ-
ദുരന്തനാടകമിന്നുമരങ്ങേറുന്നവിരാമം.  

ഗുരുക്കള്‍തന്‍മുഖംമൂടിയണിയുമധമരാം -

ചില മനുഷ്യകീടങ്ങളീനാടെങ്ങുംപടരുന്നു.  
പൂമൊട്ടുപോലെയുള്ളോരരുമ ശിഷ്യകളെ  
പുഴുക്കുത്തേല്‍പ്പിച്ചവര്‍നശിപ്പിച്ചീടുന്നയ്യോ 

അമ്മമാര്‍പോലും തന്നരുമപ്പെണ്‍
കുഞ്ഞിനെ
അന്തിമയങ്ങീടുമ്പോള്‍ചന്തയില്‍വില്‍ക്കുന്നയ്യോ ?
കുഞ്ഞാടിനെ കശാപ്പിനുവില്‍ക്കുന്ന ലാഘവത്തില്‍  
നാടിനെ നടുക്കുന്ന പെണ്‍വാണിഭം നടത്തുന്നു.

വരളുന്നിതെന്‍ചിന്താസരണി,യിന്നെന്‍മന
മൊരുനെരിപ്പോടുപോല്‍ നീറിടുന്നു.
നിറയുന്ന സത്രീപീഡന വാര്‍ത്ത കേട്ട് മന 
മൊരുനെരിപ്പോടുപോല്‍ നീറിടുന്നു.

കാര്‍ത്തികേയാ: നമ: കത്രികേയാ:നമ:



കാര്‍ത്തികേയാ: നമ: കത്രികേയാ:നമ:
കത്രികയില്ലെന്ന് വന്നാലെത്രയോ ജന്മമിന്നും
"ചൊവ്വദോഷം"തൊട്ടുള്ള,ദുഷ്ട നക്ഷത്രം തീണ്ടി 
ചൊവ്വില്ലാതെയാക്കാം പെണ്‍കുട്ടികളുടെ ജന്മം.  

പാപ ദോഷം തീണ്ടും പൂമാനിനിമാര്‍ തന്‍റെ  
പാണിഗ്രഹണമേകാന്‍ പാരിലേവര്‍ക്കും പേടി.
അതിനു കണ്ടോരുപാധി, അചിരേണനടപ്പാക്കി
ഇഷ്ടനാളില്‍താന്‍ ജനനം, കത്രിക തന്‍ പ്രയോഗം.

സീസരല്ലേ പ്രഥമ "സിസ്സേരിയനതായി"തീര്‍ന്നു. 
സീസറിന്‍റെയും അന്ത്യം  ദാരുണമായതില്ലേ?

 
 
       

Sunday, December 23, 2012

മുപ്പത് വെള്ളിക്കാശും മുന്തിരിവീഞ്ഞും




"മുത്തമേകിനിന്‍ ഗുരുവിനെക്കാട്ടിത്തന്നാല്‍
മുപ്പത് വെള്ളിക്കാശും മുന്തിരിവീഞ്ഞുംതരാം"
ഒട്ടുമേ മനസാക്ഷിക്കുത്തല്‍ കൂടാതെതന്നെ 
പെട്ടന്ന് സമ്മതിച്ചു, നിഷ്ക്രമിച്ചല്ലൊ യൂദാസ്..
ശരവേഗത്തിലോടിയെത്തിനാന്‍ ഗുരുനല്കും 
"പെസ്സഹ" ഭക്ഷിക്കുവാന്‍ കൂട്ടരോടൊത്തു കൂടി
പ്രസന്ന മുഖത്തോടെ ഗുരുവിന്‍ സവിധത്തില്‍
പ്രശംസനീയനായ കാര്യസ്ഥനായി നിന്നു.
മുഖം മൂടിയും ചൂടി തന്നുടെ കാപട്യത്തെ
മറയ്ക്കാന്‍ കഴിഞ്ഞവന്‍,മിടുക്കന്‍ തന്നെയല്ലേ ?
യൂദാസുകള്‍, മുഖം മൂടിയണിഞ്ഞു നടപ്പവര്‍
ആദരം നേടീടുന്നു കാലാകാലങ്ങളായി .