Monday, October 8, 2012

ആമയും മുയലും


ആമയും മുയലും


ഹരിച്ചിട്ടും ഗുണിച്ചിട്ടും
മറിച്ചിട്ടു പെരുക്കീട്ടും
എനിക്കയ്യോ കണക്കൊട്ടും
ശരിയാകുന്നില്ലേ?

കിടയ്ക്കുന്ന വേതനത്തെ
പലവട്ടം പെരുക്കീട്ടും
വരവ് ചിലവിന്‍ കോളം
"ടാലി"യാകുന്നില്ലേ  ..

അവശ്യ സാധനങ്ങള്‍
പലതൊഴിവാക്കിയിട്ടും
കുടുംബ ബജട്ടാകെയിന്നും
തകരാറിലാ...

വരവിന്റെ കളംതന്നില്‍  
       ആമയനങ്ങാതിരിപ്പൂ..        
ചിലവിന്റെ കളത്തിലോ
മുയലിന്‍ കുട്ടി.

 ആമയൊന്നു മുയലിനെ
തോല്പിക്കും കാലം
വരാന്‍ കാത്തു കാത്തു
ഞാനിരിപ്പൂ 
കൊക്കിനെപ്പോലെ.

കോഴിക്ക് മുല വരും
കാലമൊന്നു വന്നു ചേർന്നാൽ
അന്ന് പക്ഷെ എൻ പ്രതീക്ഷ   
    നിറവേറിയാല്‍......       

        അതിനായി കാലാകാലം        
കാത്തിരിക്കുമെന്നെ വെറും
വിഡ്ഢിയെന്നു മാത്രം
നിങ്ങള്‍ വിളിച്ചിടല്ലേ? 

  
    
      
       

Sunday, October 7, 2012

ചീവീട്


നിറുത്ത് പെണ്ണെ ,
ചിലച്ചിടാതെ
ചീവീടുകളെപ്പോലെ
മുറക്ക് നമ്മള്‍ 
കേള്‍ക്കുന്നുന്നുണ്ടീ 
പല്ലവി പലവട്ടം
ശരിക്കുമറിയൂ, 
പെണ്‍ചീവിടുകള്‍
ചിലച്ചിടാറില്ല
ചിലപ്പതവരുടെ 
ആണ്‍വര്‍ഗ്ഗം താന്‍
എന്തൊരു വൈരുധ്യം 

എമെര്‍ജിംഗ് കേരള"

"എമെര്‍ജിംഗ് കേരള" ഒരു സെക്രട്ടറിയുടെ ഫയല്‍ നോട്ടു
   (തികച്ചും സാങ്കല്പികം )

"എമെര്‍ജിംഗ് കേരലാവില്‍, കണ്‍വെര്‍ജു ചെയ്തില്ലൊന്നും,
ഒപ്പിനിയനെല്ലാംതന്നെ  ഫോക്കസ് ചെയ്തില്ലത്രേ"
എകമാമഭിപ്രായം, കണ്സെന്സസ് ഉണ്ടാകാതെ ,
എമെര്‍ജു ചെയ്യാന്‍ വന്ന വിദേശി കൂട്ടമൊക്കെ
ദൈവത്തിന്‍ സ്വന്തം നാട് കണ്ടപ്പോള്‍ മതിയായി.
നോക്ക് കൂലി വേണം, തര്‍ക്കിച്ചാല്‍ കത്തി വേഷം
ചാക്കില് മാലിന്യങ്ങള്‍ കൂമ്പാരം കൂട്ടിടുന്നു .
ഇല്ലാത്ത രോഗങ്ങളും, വല്ലാത്ത രക്ഷ്ട്രീയവും.
കൂട്ടത്തില്‍ പവര്‍ കട്ടും ,(മസ്സില്‍) പവ്വര്‍ കൂടിയ ജോലിക്കാരും 

കണ്സെന്സസ് ഉണ്ടാക്കീടാന്‍ മാര്‍ഗങ്ങള്‍ തിരയുന്നു,
"യുറേക ,യുറേക," മാര്‍ഗ്ഗങ്ങള്‍ തെളിഞ്ഞല്ലോ
പഴയോരെമെര്‍ജന്സി നിയമം പുനരപി
നടപ്പിലാക്കിയെന്നാല്‍ കാര്യങ്ങള്‍ ജോറായിടും.
    .
                                
     

Saturday, October 6, 2012

ജനശ്രീയോ കുടുംബശ്രീയോ


ശ്രീ, ശ്രീ എന്നുള്ള ചീറലുകള്‍
കേട്ടോ  നിങ്ങള്‍?
വാവസുരേഷ് പിടിക്കുന്ന
പാമ്പുകള്‍തന്‍ ചീറ്റലല്ല ,
നാട്ടിലുള്ള യുവാക്കള്‍ രണ്ടു 
ഗ്രൂപ്പുകളായ് തിരിഞ്ഞല്ലോ .

ജനശ്രീയെന്നൊരു കൂട്ടര്‍
കുടുംബശ്രീയെന്നപരര്‍
ശ്രീ, ശ്രീ, ശ്രീയെന്നിവര്‍
നിരന്തരം ചീറിടുന്നു
ശ്രീ , ശ്രീയേതായാലും
ശ്രീലമായി നടത്തേണം.
അശ്രീകരമായിതെന്നാല്‍
നിഷ്കരുണം പുറത്താക്കൂ  .


 
      

മദ്യ (ധ്യ)വർഗ ജനതതി

എന്റെ നാട് മലയാളം, 
ദൈവത്തിന്റെ സ്വന്ത നാട്  
നാട്ടില്‍ നടമാടിടുന്ന 
കൂത്തുകള്‍ കണ്ടാല്‍
ദൈവംപോലും തലതല്ലി 
      ചിരിച്ചു പോകും.       
ദൈവം പണ്ടേ 
നരകത്തില്‍ 
അഭയം തേടും.
(പിന്നെ ,കുട്ടി ദൈവങ്ങള്‍ക്ക് 
നാട്ടില്‍ നല്ല ചാകര )

കള്ളുവേണ്ട,കള്ളിലെല്ലാം 
മായമാണെന്നൊരു പക്ഷം 
മദ്യം പാടെ  നിരോധിക്കാന്‍  
മറു പക്ഷവും.
പണ്ടു കാളി പറ്റിച്ചത് 
കള്ളിൽ വെള്ളം 
ചേർത്താണെങ്കിലിന്നോ
കള്ളിലിന്നു കലർത്തുന്നു 
മാരക വിഷം.
(കാളി എന്നെ പറ്റിച്ചു, 
കള്ളില് വെള്ളം ചേര്‍ത്തു ,
ഞാനുമവളെ പറ്റിച്ചു ,
കള്ളപ്പണം കൊടുത്തേ )  


കള്ള് വേണ്ട, ബിയറു 
മതിയെന്നൊരു ശ്രീമാന്‍
"ബിയറുമാകാം,, കള്ളുമാകാം,,
"ഉവാച ", മന്ത്രി.
(ഭാഗ്യം, പെണ്ണുമാകാമെന്നു 
കക്ഷി പറഞ്ഞില്ലല്ലോ )

മദ്യമെന്നാല്‍ വിഷമത്രേ,
ഗുരുദേവസൂക്തമിതു    
ഗുരുദേവ ശിഷ്യഗണം 
ചൊല്ലുന്നതു കേള്‍ക്കൂ    
"കള്ള് ചെത്തി വിറ്റിടുക 
ഞങ്ങടെ ജോലി
ജോലിയില്ലാതാക്കിടാനായ്, 
നോക്കിടേണ്ടാരും.."    
നാഴിയുരി കള്ളു ചെത്തി, 
നാട്ടിലൊക്കെകള്ളു നൽകും, 
കച്ചവടം തകൃതി തന്നെ.
മദ്യലോബി കുളയട്ടപോലെ
പെരുകീടുന്നു


മന്ത്രി മുഖ്യന്‍ ഉരചെയ്തു ,
"സർക്കാരിന്റെ മദ്യനയം  
അന്യായമാണെന്നറിയാഞ്ഞിട്ടല്ല .


മദ്യമില്ലേല്‍ ഖജനാവ്‌ 
കാലിയാകുമോർത്തിടുക   
മദ്യലോബി നല്‍കിടുന്ന 
കിമ്പളങ്ങള്‍ മറക്കാമോ,
(സുതാര്യമല്ലാതെയൊന്നും 
ഞങ്ങള്‍  കേരളത്തിൽ 
ചെയ്യുകില്ലെന്നറിയുക) 

മദ്യ ലോബി, മണല്‍ലോബി, 
ഭൂമാഫിയ,പെണ്‍വാണിഭം
വാണിഭങ്ങളെത്ര,യെത്ര?    
ഇതില്പരം എന്തുവേണം, 
എന്റെനാട്സ്വര്‍ഗമാകാൻ.  

സ്വര്‍ഗ്ഗ തുല്യം എന്റെ നാട്ടില്‍ 
മഴയേറെപെയ്തെന്നാലും 
വെള്ളമില്ലകുടിക്കുവാൻ
   കറണ്ടില്ല , പെട്രോളില്ല,  
         ഇന്ധനങ്ങളില്ലേയില്ല        
            ഉള്ളതിനോ,പൊന്നുവില,       
            വിലയില്ലാതൊന്നുമാത്രം         
മധ്യവര്‍ഗ്ഗജനതതി

Thursday, October 4, 2012

ജീവിതം ഒരു സ്വപ്നം






ചില്ല് പേടകം തന്നിലായ്
തുള്ളിയാടി കളിച്ചിടും
സ്വര്‍ണമീനുകള്‍ തന്നുടെ
വര്‍ണ ശഭളിമ പേറിടും
സ്വപ്നം പോലെയീജീവിതം.
എപ്പോഴാണിതുടയുക, 
നിശ്ചയമില്ലയാര്‍ക്കുമേ      
നിത്യവും നമ്മളോര്‍ക്കുക.  
സത്യമീയൊന്നു മാത്രമേ
മിഥ്യതാന്‍ മറ്റു മോഹങ്ങള്‍.    

അജയ്യമീ മര്‍ത്യ ചേതന


കാലത്തിന്‍ കളിത്തോണിയിലേറി 
തുഴയെറിഞ്ഞ് നാം മുന്നേറുമ്പോള്‍,
ജീവിതക്കടല്‍ തീര്‍ക്കും ചുഴികളില്‍  
തുഴകളഞ്ഞു പോയെന്നാലും,    
വിധി നയിക്കും കാറ്റിന്‍ ദിശയില്‍
ഒഴുകിയെത്തിടും, തീരത്തണയും.
പണിതിടും നാം  നവമൊരു ലോകം 
വിജനമാം ചെറുദ്വീപായാലും.
അജയ്യമാകുമീ മര്‍ത്യ ചേതന-
പൊരുളറിഞ്ഞു മുന്നോട്ടു പോക നാം .