Friday, July 10, 2009

ഓണക്കാഴ്ചകൾ


ഓണക്കാഴ്ചകൾ

മലയാളി മഹോത്സവം, 
ഓണമെത്തി 
മാവേലി നാടു കാണാനുമെത്തി 
മലയാളക്കരയാകെ താണ്ടിയിട്ടും
കണ്ടില്ല, 
മാവേലി കണ്ടതില്ല
തിരുവോണക്കാലപ്പഴമ,തെല്ലും.

കാണം വിറ്റുണ്ണണമോണം, പിന്നെ
നാണം കെട്ടും കടം വാങ്ങിടേണം
ലോക ബാങ്ക് ,എ ഡി ബി,നല്കിടുന്ന
"ചരടുള്ള വായ്പകള്‍" വാരിക്കൂട്ടാം .
ഇന്ത്യൻ കറൻസി തൻ വിലയിടിഞ്ഞു 
പാതാള നാട്ടിലേക്കെത്തിയിട്ടും

ഏറും കടത്തിന്‍ പലിശ നല്‍കാ-
നാവതില്ലാതെ,യുഴലുമ്പോഴും
മേനിനടിച്ചു കഴിഞ്ഞിടേണം
മേളങ്ങള്‍ നാട്ടില്‍ തകര്‍ത്തിടേണം.

മാവേലി മന്നനണഞ്ഞിടുമ്പോള്‍
മാലോകരൊന്നായിക്കൂടിടേണം.
മദ്യം, മദിരാക്ഷി, സദ്യയോടെ
ഓണമൊരു പൂരമായ്‌ മാറ്റിടേണം.
ഉത്സവഘോഷത്തില്‍ പങ്കുചേരാന്‍
ഉത്സാഹിച്ചീടുകെന്‍ നാട്ടുകാരേ
ഉത്സവപ്പിറ്റേന്ന് വാര്‍ത്തയാകാം 
കൂട്ടമോരാത്മഹത്യയാകാം..
(വാര്‍ത്ത‍യായ് ചാനലില്‍ മിന്നിനില്‍ക്കാം
പേര്‍ത്തും സംപ്രേക്ഷണം ചെയ്തിടാനായ്‌.)

മില്ലേനിയം നാളില്‍ കേരളത്തില്‍
മിന്നലിന്‍ വേഗത്തില്‍ സഞ്ചരിക്കാന്‍
"മാരുതി"തൻ വിലയേറിടുന്ന
"ന്യൂ മോഡൽ "കാറതിലൊന്നിലേറി 
മാവേലി തന്റെ "പ്രസറ്റീജ്" കാത്തു .

മന്ത്രിതന്‍ വേഗത്തില്‍ പാഞ്ഞുവല്ലോ 
പൈലറ്റുകാറുകള്‍ മുന്നിലോടി.
മന്ത്രിയാണെന്ന് കരുതിച്ചിലർ 
തന്ത്രം മെനഞ്ഞങ്ങു കാത്തുനിന്നു 
ചീമുട്ടയാണെന്നൊരുകൂട്ടരും
"നാടൻ ബോംബെന്ന് ", മറുപക്ഷക്കാർ 
പ്രതിപക്ഷം,മറുപക്ഷം തല്ലുകൂടി 
പ്രതീക്ഷ നശിച്ചു പോയ്‌ മാവേലിക്കും.
ഈ നാട് നന്നായ് ഭരിച്ചിടുവാൻ 
ഇനി,മാവേലീ, 
ഭവാനുമസാദ്ധ്യമത്രെ!

മാവേലി കണ്ടൊരു കേരളത്തില്‍
പൂവില്ല, പൂക്കളമെങ്ങുമില്ല
നീതി, ന്യായങ്ങളശ്ശേഷമില്ല
നേരും നെറിവുമോ തെല്ലുമില്ല.
അത്തമില്ല,ത്തച്ചമയമില്ല
സത്യത്തിനൊട്ടും വിലയുമില്ല
മലയാളനാടിന്‍ മണിമുറ്റത്ത്‌
മലയാളിമങ്കമാരാരുമില്ല.
("മംഗ്ലീഷു"ചൊല്ലി "പ്പരഞ്ഞിടുന്ന"  
"മിനിസ്കുർട്ടു"ധാരികളേറെയുണ്ട്‌ )
തൃക്കാക്കരപ്പനു നേദിച്ചീടാന്‍
തൃത്താപ്പൂ ചൂടിയ കന്നിയില്ല.
തുമ്പി തുള്ളാനില്ല, കുമ്മിയടിക്കുവാന്‍
കുമ്മാട്ടിക്കളിയാടാന്‍ പിള്ളരില്ല.

ചാനല്‍ പ്രളയത്തില്‍ നീന്തിടുന്നോര്‍
മാവേലി വന്നതറിഞ്ഞതില്ല
ചാനലിലോണം തിമിര്‍ത്തിടുമ്പോള്‍
പൂക്കളം തീര്‍ക്കുവാനാര്‍ക്കു നേരം.
അന്തവും കുന്തവുമില്ലാത്ത "സീരിയല്‍"
കണ്ടിടാന്‍ പോലും സമയമില്ല
മാവേലി വന്നതറിഞ്ഞുമില്ല
മാബലിനാടിന്‍ പ്രജകള്‍ നമ്മള്‍.

വന്നതബദ്ധമായ്‌ കണ്ട രാജന്‍
ഖിന്നനായ്‌ മെല്ലെ മടങ്ങിയത്രേ !
പോകും വഴിക്കിഹ, രാജനൊന്ന്
കോളേജ് "ക്യാമ്പസി"ലെത്തി നോക്കി.
ഓണം തകര്‍ക്കുന്ന കാഴ്ച കണ്ടി-
ട്ടാമോദം പൂണ്ടുതാന്‍ മാബലിയും.
വീരപ്പനെപ്പോലൊരുവനെ,ത്താന്‍
മാവേലിയെന്നു നിനച്ചു പിള്ളേര്‍.
ആരോ കരം പിടിച്ചാനയിച്ചു
"സ്റ്റേജി"ന്റെ മദ്ധ്യത്തിലാക്കി, പിന്നെ
കൂവലാല്‍ സപ്തസ്വരങ്ങള്‍ പാടി
താര സമാനനായാദരിപ്പൂ ...

പെട്ടന്നവിടെക്കായാഗമിപ്പൂ..
കഷ്ടം! വാമനനാമൊരുവൻ  
"ദുഷ്ടൻ," പ്രിൻസിപ്പാലദ്ദേഹമെന്നു 
"ശിഷ്ടരാം" ശിഷ്യഗണമുരച്ചു.

"യൂണിഫോം" വേഷത്തിലല്ലാതെ 
നമ്മുടെ "മവേലിവേഷത്തെ" 
കണ്ടതും വാമനൻ, കാര്യമറിയാതെ 
കോപിഷ്ടനായ്  
 കാര്യമാരായുന്നതിനു മുൻപേതന്നെ ,
അങ്കക്കലിപൂണ്ട 
അരിങ്ങോടരെപ്പോൽ   
"ഗെറ്റ് ഔട്ട് ,"യു ഇടിയറ്റെന്നു" 
അട്ടഹസിച്ചുറഞ്ഞു തുള്ളി .  

"മാവേലി" തെല്ലും കുലുങ്ങിയില്ല.
കാട്ടിനാന്‍ തന്നുടെ വിശ്വരൂപം.
മുണ്ടഴിച്ചങ്ങു തലയില്‍ കെട്ടി
വാ തുറന്നഞ്ചാറു "ഭള്ളു ചൊല്ലി".
മാബലിയല്ലടാ, വാടക ഗുണ്ട ഞാന്‍"
മാന്യന്‍, ഈ നാട്ടിലെ പൗരനത്രേ !
"മില്ലിയടി"ച്ചോരാ പുത്തനാം മാവേലി
മാനവീയത്തിന്‍ ദൃഷ്ടാന്തമായി.

വന്നതബദ്ധമായ്‌ ത്തോന്നി , 
സാക്ഷാല്‍
മാബലിമന്നന്‍ മടങ്ങിയത്രേ !
ഖിന്നനായ്‌ പാതാളലോകം തേടി
മാബലിമന്നന്‍ മടങ്ങിയത്രേ !

സൂര്യഗ്രഹണം



ഏഴാംകടലിനുമക്കരെ
നിന്നുമെഴുന്നള്ളുന്നൊരു ദേവന്‍
ഭൂമിദേവീപ്രീതിയ്ക്കായി 
പ്രകാശമരുളും ദേവന്‍
ശ്യാമളയാമീ ഭൂമികുമാരി-
യ്ക്കനുരാഗം നീ നല്‍കി
അവരുടെ ഹര്‍ഷോന്‍മാദത്താലീ 
പ്രപഞ്ചമാകെ വിളങ്ങീ

ഒരുനാളൊരുനാള്‍ സുരന്റെ മുന്നില്‍ 
കൊഞ്ചിയണഞ്ഞൊരു നാരി
ചന്ദ്രികയവളുടെ പുഞ്ചിരിയില്‍ 
നീ മയങ്ങി വീണൂ കഷ്ടം !
പനിമതിയവളുടെയാശ്ലേഷത്തിന്‍ 
സുഖ നിര്‍വൃതിയിലലിഞ്ഞു
മറന്നു പാടെ ഭൂമിയെ,കഷ്ടം 
 ഇരുണ്ടുപോയ് ഹാ ! ഭൂമി

ഹര്‍ഷബാഷ്പങ്ങള്‍



കോപത്താലന്ധനാം സൂര്യന്റെ ശാപമാം
താപമേറ്റുള്‍ത്തടം നീറുന്ന സാഗരം
തലതല്ലിടുന്നിതാ,തീരത്തിലനുസ്യൂതം
തിരകളായ്,മോഹഭംഗത്താലെപ്പോഴും .
കനിവിന്റെ നനവാര്‍ന്നലിയുന്ന തീരമോ
മിഴിനീരടക്കിടാനാവാതെ തേങ്ങുന്നു.

കടലിന്റെ ഗദ്ഗദം പേറുന്ന മാരുതന്‍
കരയിലേക്കെപ്പൊഴും വീശിയടിക്കുന്നു.
സാന്ത്വനം ചൊല്ലിയും മെല്ലെ,തലോടിയും
സാഹനമേകുന്നു ഭൂമിക്ക് മേല്‍ക്കുമേല്‍.
ചിലനേരമൊട്ടുമടങ്ങാത്തൊരീര്‍ഷ്യയാല്‍
പവനനും സംഹാരഭാവമാര്‍ന്നീടുന്നു.

തന്‍ നെഞ്ചിലേറ്റിയോരാഴിതന്‍ ദുഃഖങ്ങള്‍
പുകയുന്നു, മേഘമായ്‌ മാനത്തലയുന്നു.
കോപമകന്നൊരു ശക്തനാം മാരുതന്‍
മന്ദമായ് വീശുന്നു തന്നുള്ളംകുളിര്‍ക്കുന്നു.
മാനത്തു വിങ്ങിപ്പുകയുന്ന മേഘമോ
മണ്ണില്‍ പതിക്കുന്നു, ഹര്‍ഷബാഷ്പങ്ങളായ്.
പൊട്ടിമുളയ്ക്കുന്ന വിത്തുകളാല്‍ ഭൂമി
പട്ടിന്റെ കഞ്ചുകം വാരിപ്പുതയ്ക്കുന്നു.

ഒട്ടൊന്നു ചിന്തിച്ചാലേതൊരു ദുഖവും
മൊട്ടിട്ടുനില്‍ക്കുന്നോരാഹ്ലാദമായിടാം.

ശ്യാമസുന്ദരനിബിഢവനങ്ങള്‍






(കടപ്പാട് : റോബര്‍ട്ട്‌ ഫ്രോസ്റ്റ്)

ശ്യാമസുന്ദരനിബിഢവനങ്ങള്‍
ഏകനായതിലലിയാന്‍ മോഹം
നൂറു നൂറു പ്രതിജ്ഞകളാലെ
ഏറെ ബന്ധിതരല്ലോ നമ്മള്‍

ഏറെ നാഴിക നടന്നലയേണം 
മുന്നേറിടാനീ ജീവിതവഴിയില്‍
ഏറെ നാഴിക താണ്ടിയെത്തണം
മോഹനിദ്ര തന്‍ തീരഭൂമിയില്‍

കാലമേറെക്കഴിഞ്ഞാലും സൗഹൃദം
കാന്തി മങ്ങാതെ മിന്നിനില്‍ക്കണം
കാലമേറെക്കഴിഞ്ഞാലും സൗഹൃദം
കാന്തി മങ്ങാതെ മിന്നിനില്‍ക്കണം

Thursday, July 9, 2009

സഹസ്രാബ്ദപ്പുലരിയില്‍

  

 സഹസ്രാബ്ദപ്പുലരിയില്‍
പുതിയ പ്രതിജ്ഞകളുയരട്ടെ !
പുതിയ പ്രതീക്ഷകള്‍ വിടരട്ടെ !
യുവചേതനതന്‍ നവമുകുളങ്ങള്‍
താലമെടുത്തെതിരേല്‍ക്കട്ടെ !
പുതിയൊരു വര്‍ഷം, പുതുനൂറ്റാണ്ട്,
പുതു സഹസ്രാബ്ദപ്പൊന്‍പുലരി.

പ്രഭാതഭേരികളുയരട്ടെ !
നിതാന്ത ജാഗ്രതയേറട്ടെ !
ഭാരത ഭൂവിന്‍ വര്‍ണ്ണപതാകകള്‍
പാരിന്‍ നെറുകയിലുയരട്ടെ !
ഒലിവിലയേന്തും മാടപ്രാവുക-
ളൊന്നായ്‌ വാനില്‍ ഉയരട്ടെ !

കളിപ്പാവകള്‍

                




"ഇന്നിന്റെ" മോഹങ്ങള്‍ നാളേക്ക് മാറ്റുവാ-
നെന്നും പരിശ്രമിച്ചീടുന്നു ഞാന്‍ സദാ...
"നാളത്തെ" നന്‍മകള്‍ സ്വപ്നങ്ങളായെന്റെ   
മാനസം തന്നില്‍ നിറം ചാര്‍ത്തി നില്‍ക്കവേ..
"ഇന്നലെ," തന്നുടെ ശപ്തമാമോര്‍മ്മകള്‍
പിന്തുടര്‍ന്നീടുന്നിതെന്‍ നിഴല്‍ പോലെന്നും..

ജീവിതമാം രംഗവേദിയില്‍ ഞാന്‍ വെറും
കോമാളി തന്‍ വേഷമാടിത്തിമിര്‍ക്കുന്നു.
പൊട്ടിച്ചിരിക്കുന്നു..., കെട്ടിമറിയുന്നു,
തര്‍ക്കുത്തരം ചൊല്ലി ഗര്‍വിഷ്ടനാകുന്നു.
ഏങ്ങലടിച്ചു കരയും, ഞൊടിക്കുള്ളില്‍
വേവലാതി പൂണ്ടു മണ്ടിനടന്നിടും...

കാലം ചരടുവലിക്കുന്നതിനൊപ്പ-
മാടുംവിധി തന്‍ കളിപ്പാവയല്ലേ നാം !
അസ്ഥിത്വമില്ലാത്ത മിഥ്യയാണീനമ്മള്‍
വ്യത്യസ്തരാവാൻ ശ്രമിക്കേണ്ടയാരുമേ...


നന്ദി ! സ്നേഹസ്വരൂപനാം ദൈവമേ


നന്മ മാത്രം ഞാനര്‍ത്ഥിച്ചു ദൈവമേ..
തിന്മയും കൂടി നീനല്‍കി,യതുമല്ല
നന്മതിന്മകള്‍ വേര്‍തിരിച്ചീടുവാന്‍
ചിന്മയനേകി,യനന്യമാം ബുദ്ധിയും.

സ്വര്‍ഗ്ഗരാജ്യമീ ഭൂമിയില്‍ വരുമെന്ന് 
സ്വപ്നവും കണ്ടു ഞാനങ്ങിരുന്നപ്പോള്‍
ദുഷ്ടശക്തികള്‍ വന്നെന്റെ ചുറ്റിലും
തുഷ്ടമോദരായാര്‍തുല്ലസ്സിക്കുന്നു.

ശക്തനാക്കുവാന്‍ ഞാനർഥിച്ചുവെങ്കിലും  
കഷ്ടമേറ്റും ദുരിതങ്ങളേകിനീ 
ഒട്ടുമാലസ്യം കൂടാതെ,ഞാനവ 
തട്ടിനീക്കി കരുത്തനായിത്തീരുവാൻ !

നിന്റെ കാരുണ്യമെന്നില്‍ ചൊരിയുവാൻ 
 നിന്റെ നാമം ജപിപ്പൂ ഞാന്‍ നിത്യവും
ചോദിച്ചതൊന്നുമെനിക്കുനീയൊട്ടുമേ 
തന്നതില്ലെന്നു വിലപിപ്പൂ ഞാന്‍. സദാ ...

തന്നു,നീ പകരമെനിക്കു സ്നേഹിക്കുവാൻ 
സ്നേഹിതര്‍ക്കായി കേഴുമാത്മാക്കളെ.
വേണ്ടതെല്ലാമെനിക്കായി നല്‍കി നീ
വേണ്ടതുമാത്രമൊട്ടും കുറയാതെ !

ചിന്മയാ, നീയെല്ലാമറിയുന്നോന്‍
നന്മ,മാത്രമെനിക്കായി നല്കിയോന്‍
നന്ദി ! സ്നേഹസ്വരൂപനാം ദൈവമേ...
നന്മയിലെന്നെ സുസ്ഥിരനാക്കണേ...